സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഇരട്ട കുട്ടികളെ ലഭിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് പത്ത് ദിവസം മാത്രം പ്രായമുള്ള ഇരട്ടകൾ അതിഥികളായി എത്തിയത്.
ഇരട്ട കൺമണികൾക്ക് ആര്‍ദ്രൻ എന്നും ഹൃദ്യൻ എന്നും പേരുവിളിച്ചു. ആറുവർഷങ്ങൾക്ക് ശേഷമാണ് അമ്മത്തൊട്ടിലിൽ ഒന്നിച്ച് പിറന്നവർ ഒരുമിച്ച് എത്തുന്നത്. ഇതിനു മുന്‍പ് 2018 ലാണ് ഇരട്ടകുട്ടികളെ ലഭിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30-ന് ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനേയും അമ്മതൊട്ടിലില്‍ ലഭിച്ചിരുന്നു. അവൾക്ക് രക്ഷിത എന്നും ശിശുക്ഷേമസമിതി പേരിട്ടു. മെയ് നാലിന് എത്തിയ കുഞ്ഞിന് ഉജ്വൽ എന്നാണ് പേരുവിളിച്ചത്. മെയ് അവസാന വാരം നല്ല മഴയുള്ള ദിവസം എത്തിയ കുഞ്ഞിന് ‘ മഴ’ എന്നും ഓമനപ്പേരു നൽകി. കുഞ്ഞുങ്ങൾ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു.
അമ്മത്തൊട്ടിലുകളിൽ ഇതുവരെയായി 604 കുട്ടികളാണ് പരിചരണത്തിനായി എത്തിയത്. ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ബീപ് സന്ദേശം എത്തിയ ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ആയമാരും കുഞ്ഞുങ്ങളെ എടുക്കുകയായിരുന്നു. കുഞ്ഞുങ്ങളെ തൊട്ടിലിൽ കിടത്തി മറയുന്നവർ മാറുമ്പോഴേക്കും അലാറം മുഴങ്ങും. അതുകൊണ്ടു തന്നെ ശിശുക്കൾക്ക് സംരക്ഷണത്തിന് ഇടവേള വരുന്നില്ല.
തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്തി. കുരുന്നുകള്‍ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിൽ പരിചരണത്തിലാണ്.
കുട്ടികളുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കിൽ ശിശുക്ഷേമ സമിതിയുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ ആറിയിച്ചു.