കനത്ത മഴയെത്തുടർന്ന് വർക്കല പാപനാശം മേഖലയിലെ വിവിധ ഭാഗങ്ങളിലെ കുന്നിടിച്ചിൽ തുടരുകയാണ്. വ്യാഴം പുലർച്ചെയോടെ പാപനാശം ഏണിക്കൽ ബീച്ച്, ആലിയിറക്കം ബീച്ച് തുടങ്ങിയ പ്രദേശത്തെ കുന്നിടിഞ്ഞ് താഴേക്ക് വീണു. വർക്കല നഗരസഭാധ്യക്ഷൻ കെ എം ലാജി, വാർഡ് കൗൺസിലർമാരായ സി അജയകുമാർ, റുബീന തുടങ്ങിയവർ കുന്നിടിഞ്ഞ ഭാഗങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം തീരത്തോടു ചേർന്ന് ശ്രീയേറ്റിനും വെറ്റക്കടയ്ക്കുമിടയിൽ കുന്നിടിഞ്ഞ് തീരത്തേക്ക് വീണിരുന്നു. ശക്തമായ തിരയടി കുന്നിന്റെ അടിവാരത്ത് നേരിട്ടു പതിക്കുന്നതിനാൽ അരിക് ഭാഗം മഴക്കാലത്ത് ഇടിഞ്ഞു താഴുന്നത് പതിവാണ്. ചെറുവാഹനങ്ങൾ കടന്നുപോകാനുള്ള വഴിയോടു കൂടിയ കുന്നരികിലെ മണ്ണിടിച്ചിൽ അപകടസാധ്യത വർധിപ്പിക്കുന്നു. വർക്കല നഗരസഭയും ഇടവ പഞ്ചായത്ത് അധികൃതരും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. കഴിഞ്ഞദിവസം പാപനാശം കുന്നിലെ മണ്ണിളകി വീണതിനെത്തുടർന്ന് ബലിമണ്ഡപം താൽക്കാലികമായി അടച്ചു. താൽക്കാലിക ഷെഡ് കെട്ടി ബലിതർപ്പണം ഉൾപ്പെടെ ചടങ്ങുകൾ പുറത്ത് തുടരും. മഴ കനത്താൽ കുന്നിൽനിന്ന് വീണ്ടും മണ്ണിളകി വീഴാനും അനധികൃത കെട്ടിടങ്ങളും നിലംപൊത്താനും സാധ്യതയുണ്ട്. ചെമ്മരുതി പഞ്ചായത്തിൽ മുത്താന പണയിൽ ക്ഷേത്രത്തിന് സമീപം വീടുകളിൽ വെള്ളം കയറിയതിനാൽ ചില കുടുംബങ്ങളെ ഗവ. എൽപിഎസിലേക്ക് മാറ്റി പാർപ്പിച്ചു. ഇടവ, ഇലകമൺ, ചെമ്മരുതി, വെട്ടൂർ, ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ ശക്തമായാൽ സ്ഥിതി രൂക്ഷമായേക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പാപനാശം മേഖലയിൽ കുന്നിടിച്ചിൽ തുടരുന്നു
Comments