എകെജി സെന്റർ ആക്രമണം : കുറ്റപത്രം അംഗീകരിച്ചു ; യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ സമൻസ്‌

എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത്‌കോൺഗ്രസ്‌ നേതാക്കൾക്കെതിരായ  ക്രൈംബ്രാഞ്ച്‌  കുറ്റപത്രം തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. ജൂൺ 13ന്‌ ഹാജരാകാൻ കോടതി പ്രതികൾക്ക്‌ നിർദേശം നൽകി. യൂത്ത്‌കോൺഗ്രസ്‌ കഴക്കൂട്ടം ബ്ലോക്ക്‌ സെക്രട്ടറി വി ജിതിൻ, കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ടി നവ്യ എന്നിവർക്കെതിരെയാണ്‌ തിരുവനന്തപുരം സിജെഎം കോടതി  സമൻസ്‌ അയച്ചത്‌. പ്രതികൾക്ക്‌ നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

അക്രമത്തിന് നിർദേശം നൽകിയ ശേഷം വിദേശത്തേയ്‌ക്ക്‌ കടന്ന മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, സുഹൈലിന്റെ ഡ്രൈവർ സുധീഷ്‌ എന്നിവരെ അറസ്‌റ്റ്‌ ചെയ്യാനായിട്ടില്ല. ഇവർക്കെതിരെ പ്രത്യേക കുറ്റപത്രം നൽകും. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചതിൽ കെപിസിസി ഓഫീസിന്‌ മുന്നിൽ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചിരുന്നു. ഇതിലെ വൈരാഗ്യത്തിൽ സ്‌ഫോടകവസ്‌തു എറിഞ്ഞുവെന്നാണ്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തൽ.

2022 ജൂലൈ ഒന്നിനാണ് ജിതിൻ എകെജി സെന്ററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞത്. സിപിഐ എമ്മിനുമേൽ അക്രമത്തിന്റെ ഉത്തരവാദിത്തം കെട്ടി ഏൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഭാഗത്തുനിന്നുണ്ടായി. എന്നാൽ, ജിതിനും നവ്യയും പിന്നീട്‌ പിടിയിലായി. സ്കൂട്ടറിലെത്തിയ ജിതിൻ സ്ഫോടകവസ്തു എറിഞ്ഞെന്നും നവ്യ സഹായംചെയ്‌ത്‌ നൽകിയെന്നുമാണ്‌ കുറ്റപത്രം. ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയതും ആക്രമണശേഷം തിരികെ കൊണ്ടുപോയതും നവ്യയാണെന്നാണ്  കണ്ടെത്തൽ. സുഹൈൽ ഷാജഹാനാണ് ആക്രമണത്തിന് ജിതിനോട് നിർദേശിച്ചതും സ്ഫോടകവസ്തു ഉൾപ്പടെ എത്തിച്ച് നൽകിയതും. സുധീഷിന്റേതാണ്‌ സ്‌കൂട്ടർ.

Comments
Spread the News