മൃഗശാലയിൽ ഇനി ‘മനു’ ഇല്ല

മൃഗശാലയിൽ ജനിച്ചുവളർന്ന്‌ 17 വർഷം മൃഗങ്ങളിലെ താരമായി വിലസിയ ബംഗാൾ കടുവ ‘മനു’ തിങ്കളാഴ്‌ച വിടവാങ്ങി. പ്രായത്തിന്റെ അവശതനേരിട്ട ആൺകടുവ കരൾ രോഗത്തെത്തുടർന്ന്‌ രാവിലെ ഏഴിനാണ്‌ ചത്തത്‌.  രോഗം തിരിച്ചറിഞ്ഞ്‌ കഴിഞ്ഞ ഡിസംബർമുതൽ പ്രത്യേക ചികിത്സയിലായിരുന്നു. അവശനായതോടെ കഴിഞ്ഞ 18 മുതൽ പ്രദർശനത്തിൽനിന്ന്‌ മാറ്റി പ്രത്യേകകൂട്ടിൽ പരിചരണം നൽകുന്നതിനിടെയാണ്‌ ചത്തത്. ശരാശരി 12 വയസ്സുവരെയാണ്‌ കടുവയുടെ ആയുസ്സ്‌. മൃഗശാലയിലെ കടുവകൾ 17 മുതൽ 19 വയസ്സുവരെ ജീവിക്കാറുണ്ട്. ദിവസവും ഏഴു കിലോ ബീഫ്‌ കഴിച്ചിരുന്ന കടുവ രോഗംബാധിച്ചതോടെ സ്വയംഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഫോർസെപ്സ്‌ (ചവണ) ഉപയോഗിച്ച് പ്രത്യേകരീതിയിലാണ്‌ ഭക്ഷണം കൊടുത്തിരുന്നത്‌. കൂട്ടിൽ ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിച്ച് ഊഷ്മാവ് ക്രമീകരിച്ചായിരുന്നു പരിചരണം. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്‌ പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ട്‌ മൂന്നിന്‌ കടുവയെ സംസ്‌കരിച്ചു. കരളും ശ്വാസകോശങ്ങളും അപകടാവസ്ഥയിരുന്നെന്നും ന്യുമോണിയ ബാധിച്ചിരുന്നെന്നും മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു. രണ്ട്‌ ബംഗാൾ കടുവയും രണ്ട്‌ വെള്ളകടുവയും ഉൾപ്പെടെ നാല്‌ കടുവകളാണ്‌ നിലവിൽ മൃഗശാലയിലുള്ളത്‌.

Comments
Spread the News