ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ; ആദ്യഘട്ട പ്രവർത്തനങ്ങൾ 
വിജയകരം: മുബാറക് പാഷ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പി എം മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു. മുബാറക് പാഷ 2020 ഒക്ടോബർ 19നാണ്‌ വൈസ് ചാൻസലറായി ചുമതലയേറ്റത്‌. കഴിഞ്ഞ 22-ന്‌ ചാൻസലർ കൂടിയായ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാന്‌ രാജിക്കത്ത്‌ നൽകി. ചാൻസലർ രാജി നിരാകരിക്കുകയും വൈസ് ചാൻസലർമാർക്കെതിരായ കേസ് തീർപ്പാക്കുന്നതുവരെ തുടരാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടർന്ന് ഡോ. മുബാറക്‌ പാഷ യൂണിവേഴ്‌സിറ്റിയിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെയാണ് ചാൻസലർ രാജി സ്വീകരിച്ചത്‌.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആദ്യഘട്ടപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് ‍വിടവാങ്ങുന്നതെന്ന്‌ ഡോ. മുബാറക് പാഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോടും പരിഭവമില്ല. മികവിന്റെ കേന്ദ്രമാക്കി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ എല്ലാ സഹായവുമായി ഒപ്പംനിന്ന മുഖ്യമന്ത്രി പിണറായി വിജയനോടും സംസ്ഥാന സർക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റ് അംഗങ്ങളായ എ നിസാമുദീൻ, എം ജയപ്രകാശ്, സി ഉദയകല, പിആർഒ കെ എസ്‌ ശാലിനി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments
Spread the News