പൈങ്കുനി ഉത്സവത്തിന്‌ 
ആറാട്ടോടെ സമാപനം

ആറാട്ട് ഘോഷയാത്രയോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്‌ വെള്ളിയാഴ്ച സമാപനം. വിഷുദിനം വൈകിട്ട് അഞ്ചിന് ദീപാരാധനയ്‌ക്കുശേഷം ഗരുഡ വാഹനങ്ങളിൽ ശ്രീപത്മനാഭനെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി കൃഷ്ണനെയും പുറത്തെഴുന്നള്ളിച്ചു. സായുധപൊലീസ് ആചാരബഹുമതി നൽകി. വേൽക്കാർ, കുന്തക്കാർ, വാളേന്തിയവർ, പട്ടമേന്തിയ ബാലകർ, പൊലീസിന്റെ ബാൻഡ് സംഘം എന്നിവരും ആറാട്ട്‌ ഘോഷയാത്രയിൽ അണിനിരന്നു.
വള്ളക്കടവിൽനിന്ന്‌ വിമാനത്താവളത്തിനകത്തുകൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തി. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പൂജകൾക്കുശേഷം വിഗ്രഹങ്ങളെ മൂന്നുതവണ സമുദ്രത്തിൽ ആറാടിച്ചു. രാത്രി പത്തോടെ വിഗ്രഹങ്ങളെ തിരിച്ചെഴുന്നള്ളിച്ചതോടെ ഉത്സവത്തിന് കൊടിയിറങ്ങി. വെള്ളി വൈകിട്ട്‌ നാലുമുതൽ ഒമ്പതുവരെ വിമാനത്താവളം റൺവേ അടച്ചിട്ടിരുന്നു. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുനഃക്രമീകരിച്ചിരുന്നു.
Comments
Spread the News