എല്ലാ സ്‌കൂളിലും കോവിഡ് സെല്ലുകള്‍

സംശയനിവാരണത്തിനും പ്രാക്ടിക്കൽ പരിശീലനത്തിനുമായി പത്ത്‌, പ്ലസ്ടു വിദ്യാർഥികൾ ജനുവരി ഒന്നുമുതൽ സ്കൂളിലെത്തുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ കോവിഡ് സെല്ലുകൾ രൂപീകരിച്ചു. വാർഡ് മെമ്പർ/കൗൺസിലർ, പിടിഎ അംഗം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ/നേഴ്സ് തുടങ്ങിയവരാണ് കോവിഡ് സെല്ലിലെ മറ്റ്‌ അംഗങ്ങൾ. ജനുവരി ഒന്നുമുതൽ രാവിലെയും ഉച്ചയ്ക്കും രണ്ടു ഷിഫ്റ്റുകളിലായാണ് ക്ലാസുകൾ ക്രമീകരിച്ചത്. സിഎഫ്എൽടിസികളായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകളെ അണുവിമുക്തമാക്കി വിദ്യാഭ്യാസ വകുപ്പിന് തിരികെ നൽകി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ എം സഫീറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം‌. റൂറൽ എസ്‌‌പി ബി അശോകൻ, പൊതുവിദ്യാഭ്യാസം, ആരോഗ്യം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പൊലീസ്, ഫയർ ആൻഡ്‌ റെസ്‌ക്യു, ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക് റിലേഷൻസ് തുടങ്ങി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഉച്ചഭക്ഷണം കൊണ്ടുവരരുത്‌

ഉച്ചഭക്ഷണം സ്‌കൂളിൽ കൊണ്ട് വന്നു കഴിക്കാൻ അനുവദിക്കില്ല. കുടിവെള്ളം കുട്ടികൾതന്നെ കൊണ്ടുവരണം. ഇത്‌ പരസ്പരം പങ്കിടാൻ പാടില്ല. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളുമായി സമ്പർക്കം ഉണ്ടായവരുമായ കുട്ടികൾ സ്‌കൂളുകളിൽ യാതൊരു കാരണവശാലും എത്തരുത്. കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കുമ്പോഴും തിരികെ കൂട്ടിക്കൊണ്ടു പോകുമ്പോഴും രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കരുത്. എല്ലാ സ്‌കൂളുകളിലും സാനിറ്റൈസർ, തെർമൽ സ്‌കാനർ ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ മാർഗങ്ങൾ ഉണ്ടായിരിക്കും. കുട്ടികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധമാണ്. സ്‌കൂളിൽ എത്തുന്ന കുട്ടികൾ രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം.

50 ശതമാനം അധ്യാപകർ

സ്‌കൂൾ തുറക്കുന്ന വേളയിൽ 50 ശതമാനം അധ്യാപകരെയായിരിക്കും നിയോഗിക്കുന്നത്. ഇന്റെർവെൽ സമയത്തും കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധ്യാപകരും സമിതിയും ഉറപ്പുവരുത്തണം. ഇതിനായി എൽപി, യുപി വിഭാഗം അധ്യാപകരെക്കൂടി ചുമതലപ്പെടുത്താൻ ആലോചനയുണ്ട്. നിലവിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപകരെ ഒഴിവാക്കിയിട്ടുണ്ട്‌.

Comments
Spread the News