ജില്ലയുടെ ഹൃദയത്തിൽ മതേതരത്വത്തിന്റെയും പരസ്‌പര ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകങ്ങളായി ഉയർന്നുനിൽക്കുകയാണ് മൂന്ന് ആരാധനാലയങ്ങൾ. പാളയം ജുമാ മസ്‌ജിദ് പള്ളി, സെന്റ് ജോസഫ്‌സ് കത്തീഡ്രൽ, ഒപ്പം ശ്രീ ശക്തിവിനായക ക്ഷേത്രവും. ക്ഷേത്ര അലങ്കാര ഗോപുരം കൂടി തലയെടുപ്പോടെ ഉയർന്നതോടെ പാളയം ജങ്‌ഷൻ യഥാർഥ “കേരള സ്റ്റോറി’യായി. മൂന്ന് ആരാധനാലയങ്ങളും ഒറ്റ ഫ്രയിമിൽ ഉൾപ്പെടുന്ന ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി. കേരളത്തെ വെറുപ്പിന്റെ രാഷ്‌ട്രീയത്തിലൂടെ തകർക്കാനുള്ള വലതുപക്ഷ ആഖ്യാനത്തിന് മറുപടിയായാണ് മലയാളികൾ ഒന്നാകെ ഈ ചിത്രം പങ്കുവച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിലെ അലങ്കാര ഗോപുരം, ഭജനമണ്ഡപം, തിടപ്പള്ളി എന്നിവയുടെ സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഞായറാഴ്ചയാണ് നിർവഹിച്ചത്. പാളയം ഇമാം ഡോ. വി പി ഷുഹൈബ് മൗലവിയും തിരുവനന്തപുരം ഡോൺ ബോസ്കോ വീട് ഡയറക്ടർ ഫാ. സജി എളമ്പശേരിലും സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയും അടക്കം നിരന്ന വേദിതന്നെ കേരളത്തിന്റെ മതേതരത്വത്തിന്റെ തെളിവായിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, അഡ്വ. എസ് എസ് ജീവൻ, ഉദയ സമുദ്ര ഗ്രൂപ്പ് എംഡി എസ് രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ഇത് മതമൈത്രിയുടെ തലയെടുപ്പ്
Comments