കേരളത്തിന്റെ ട്രഷറി പൂട്ടാത്തതിൽ ഉത്കണ്ഠപെടുന്ന മലയാള മനോരമ കോർപറേറ്റുകളുടെ വക്താവാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ. ഓണക്കാലത്തെ ചിലവുകൾ ചൂണ്ടിക്കാട്ടി മലയാളമനോരമയിൽ വന്ന മുഖപ്രസംഗത്തെ ആനാവൂർ നിശിതമായി വിമർശിച്ചു. കേരളം സാധാരണ മനുഷ്യരുടെ താല്പര്യങ്ങൾ ഉയർത്തി പിടിക്കുമ്പോൾ മനോരമയ്ക് അത് ദഹിക്കുന്നില്ല എന്നായിരുന്നു പ്രധാന വിമർശനം. കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയിൽ മനോരമയ്ക്ക് യാതൊരു പരാതിയുമില്ലെന്നും ആനാവൂർ ചൂണ്ടികാണിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ ആനാവൂർ നാഗപ്പൻ മനോരമയ്‌ക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. പോസ്റ്റിന്റെ പൂർണരൂപം ചുവടെ :
കേരളത്തിന്റെ ട്രഷറി പൂട്ടാത്തതിൽ മലയാള മനോരമയ്ക്ക് വല്ലാത്ത ഉത്കണ്ഠ.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് വർഷത്തിൽ 90% ദിവസവും ട്രഷറി നിയന്ത്രണമോ അടച്ചുപൂട്ടലോ ആയിരുന്നു, അന്നൊന്നും പ്രകടിപ്പിക്കാത്ത ഉത്ക്കണ്ഠയാണ് കഴിഞ്ഞ ഒരാഴ്ച്ചയായി മനോരമ പ്രകടിപ്പിക്കുന്നത് . കേന്ദ്ര സർക്കാർ നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാരമടക്കം വെട്ടികുറയ്ക്കുകയോ നല്കാതിരിക്കുകയോ ചെയ്യുന്ന കേന്ദ്ര നടപടിയിൽ വലിയ ആശങ്കയൊന്നും മനോരമയ്ക്കില്ല. പ്രതിസന്ധിയ്ക്ക് കാരണം സംസ്ഥാന സർക്കാരിന്റെ കൈവിട്ട കളിയാണെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. ഇന്നത്തെ മുഖപ്രസംഗത്തിൽ മനോരമ അവരുടെ ഉള്ളിലിരിപ്പ് പ്രകടമാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ബോണസും ഓണം അഡ്വാൻസും ഉത്സവബത്തയും, ക്ഷേമ പെൻഷനുകളും എല്ലാം നൽകിയതാണ് ഖജനാവ് കാലിയാകാൻ കാരണമെന്നും ഇതെല്ലാം വാരിക്കോരിയുള്ള ചിലവാക്കലാണെന്നും മനോരമ സമർത്ഥിക്കുന്നു. ഇന്ത്യയിലെ കോർപറേറ്റുകൾക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകേണ്ട നിയമപ്രകാരമുള്ള തുക പോലും നൽകാത്തതിൽ മനോരമയ്ക്ക് പരിഭവവും പരാതിയുമില്ല. കേന്ദ്ര നയം കാരണം സംസ്ഥാനത്തിന്റെ വരുമാനത്തിൽ 23000 കോടി രൂപയാണ് ഈ വര്ഷം കുറവ് ഉണ്ടായത്. റവന്യൂ കമ്മി ഗ്രാന്റ് 7000 കോടി വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം 12000 കോടി ഇല്ലാതാക്കി. വായ്പ പരിധി 3.5% ആക്കി കുറച്ചതിന്റെ ഫലമായി 3578കോടി രൂപ ആ വഴിയ്ക്കും നഷ്ടമായി. കഴിഞ്ഞ വർഷം കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുമായി 47837 കോടി ലഭിച്ച സ്ഥാനത്ത് ഈ വർഷം 13139 കോടി രൂപയായി കുറഞ്ഞു. ഇതിൽ തന്നെ ലഭ്യമാക്കിയത് കേവലം 4391 കോടി രൂപ മാത്രമാണ്. ഇതിലൊന്നും ഒരു പരിഭവവുമില്ലാത്ത മനോരമയ്ക്ക് പക്ഷെ ഓണക്കാലത്ത് സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്ന കർഷകത്തൊഴിലാളികൾക്കും വിധവകൾക്കും അംഗപരിമിതർ അടക്കം വിവിധ വിഭാഗം പാവപെട്ട മനുഷ്യർക്ക് പെൻഷൻ തുക നൽകിയതും, മുഴുവൻ റേഷൻ കാർഡുടമകൾക്കും ഓണകിറ്റ് സൗജന്യമായി നൽകിയതും മഹാപരാധമായാണ് തോന്നിയത്. ജീവനക്കാർക്ക് നിയമാനുസൃതമുള്ള ശമ്പളവും ഉത്സവബത്തയും നൽകിയതും, തൊഴിലാളികൾക്ക് ഉത്സവകാല ബോണസ് അടക്കമുള്ളവ നൽകിയതും ധൂർത്താണെന്നാണ് മനോരമയുടെ ഭാഷ്യം.
മലയാളിയുടെ ദേശീയോത്സവമായ ഓണക്കാലം ആഘോഷിക്കാൻ കേരളത്തിലെ എല്ലാ മനുഷ്യർക്കും സഹായഹസ്തം നൽകിയ സർക്കാരിന്റെ നിലപാട് എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന ബദൽ നയത്തിന്റെ ഭാഗമായാണ് . ബിജെപിയും കോൺഗ്രസ്സും കോർപറേറ്റുകൾക്ക് സൗജന്യങ്ങൾ അനുവദിക്കുമ്പോൾ കേരളം സാധാരണ മനുഷ്യരുടെ താല്പര്യങ്ങൾ ഉയർത്തി പിടിക്കുന്നു. അത് മനോരമയ്ക്ക് ദഹിക്കില്ല, കാരണം മനോരമ കോർപറേറ്റുകളുടെ വക്താവാണ്.
https://www.facebook.com/photo/?fbid=626787038837122&set=a.259446185571211