തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ഒരാഴ്ചയായി കെപിസിസി പ്രസിഡന്റിനെ കുറിച്ച് ഒരു വിവരവുമില്ല എന്ന് കോൺഗ്രസ്സ് പ്രവർത്തകർ. ദേശീയ നേതാവ് എ കെ ആന്റണി മണ്ഡലത്തിൽ വന്ന ദിവസവും കെപിസിസി പ്രസിഡന്റിന്റെ അസാന്നിധ്യം കോൺഗ്രസ്സ് പ്രവർത്തകരിൽ ആശങ്കയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എൽഡിഎഫ് പ്രചാരണത്തിന് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകുമ്പോൾ മുഖ്യമന്ത്രിയെ മുന്നിൽ നിന്ന് നേരിടേണ്ട പടനായകൻ പിൻവാങ്ങിയത് തോൽവി ഉറപ്പായത് കൊണ്ടാണെന്നും, തോൽവിയുടെ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന് മേൽ കെട്ടിവയ്ക്കാനുള്ള നീക്കമാണെന്നും സതീശനെ അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ മറ്റ് ചില സംഘടനാ കാര്യങ്ങൾക്കായി കെ സുധാകരൻ പോയതാണെന്നും ഉടൻ തന്നെ തൃക്കാരയിലേയ്ക്ക് വരുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ സുധാകരാനുകൂലികൾ പറഞ്ഞിരുന്നു, എന്നാൽ പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ സുധാകരൻ ഇത് വരെ എത്താത്തത് സുധാകരൻ ക്യാമ്പിനെയും കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇതിനിടെ സ്ഥാനാർഥി പര്യടനത്തിലും നേതാക്കൾ ആരും കാര്യമായി പങ്കെടുക്കാത്തതും, പൊതുയോഗങ്ങളിൽ പ്രധാന നേതാക്കൾ വരാത്തതും ഉമാ തോമസിനെയും ചൊടിപ്പിച്ചിട്ടുണ്ട്. മറ്റ് വഴിയില്ലാത്തത് കൊണ്ടാണ് വി ഡി സതീശൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്നത്. ഓരോ ദിവസവും സതീശന്റെ പ്രസ്താവനകൾ കോൺഗ്രസിനെ കൂടുതൽ കൂടുതൽ കുഴപ്പങ്ങളിലേയ്ക്ക് തള്ളിവിടുന്നതും ചർച്ചയായിട്ടുണ്ട്. രമേശ് ചെന്നിത്തല, കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബെഹനാൻ തുടങ്ങിയ നേതാക്കൾ ആരും ഇത് വരെ മണ്ഡലത്തിൽ പൊതുപരിപാടികളിൽ വന്നിട്ടില്ല. സുധാകരനും സതീശനും ചേർന്നുള്ള അച്ചുതണ്ടിനെതിരെയുള്ള പ്രതിഷേധം തൃക്കാക്കരയിൽ വലിയ അട്ടിമറിക്ക് അരങ്ങൊരുക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തൃക്കാക്കരയിൽ നിന്ന് കെപിസിസി പ്രസിഡന്റ് മുങ്ങി; കോൺഗ്രസ്സിൽ മുറുമുറുപ്പ്
Comments