ചങ്ങനാശേരിയിൽ വി ഡി സതീശന്റെ കോലം കത്തിച്ച ഐഎൻടിയുസി നടപടിയിൽ അമ്പരന്ന് കെപിസിസി നേതൃത്വം

വി ഡി സതീശന്റെ ഐഎൻടിയുസി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ കോട്ടയം ചങ്ങനാശേരിയിൽ വൻപ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിൽ ആയിരത്തോളം ഐഎൻടിയുസി പ്രവർത്തകരാണ് പങ്കെടുത്തത്. പ്രതിഷേധക്കാർ പ്രതിപക്ഷ നേതാവിന്റെ കോലവും കത്തിച്ചു. ഇത് കെപിസിസി നേതൃത്വത്തിന് വൻ അമ്പരപ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരം പ്രതിഷേധങ്ങൾ സംസ്ഥാന വ്യാപകമായി നടക്കുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതാക്കൾ. ദേശീയ പൊതുപണിമുടക്കിനും ഐ എൻ ടി യു സി ക്കും എതിരായി വി ഡി സതീശൻ നടത്തിയ പരാമർശങ്ങൾക്കെതിരെയായിരുന്നു പ്രകടനം. തൊഴിലാളികളെ തിരഞ്ഞെടുപ്പ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയാണ് വി ഡി സതീശൻ എന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. തങ്ങളുടെ സഹകരണമില്ലാതെ പത്താളെ കൂട്ടി ഒരു പ്രകടനം ചങ്ങനാശേരിയിൽ നടത്താൻ വി ഡി സതീശനെ തൊഴിലാളികൾ വെല്ലുവിളിച്ചു. വി ഡി സതീശൻ കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന ദിവസം തന്നെ ഐ എൻ ടി യു സി തൊഴിലാളികൾ നടത്തിയ പ്രതിഷേധം വി ഡി സതീശൻ ക്യാമ്പിനേയും ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം വി ഡി സതീശനെതിരായ ഇത്തരം പ്രകടനങ്ങൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് ഐഎൻടിയുസി നേതാക്കൾ. തൊഴിലാളികളുടെ ആത്മാഭിമാനത്തെയാണ് വി ഡി സതീശൻ ചോദ്യം ചെയ്തതെന്ന് തൊഴിലാളികൾ പറഞ്ഞു, ഇതിന് സതീശൻ കനത്ത വില നൽകേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

 

Comments
Spread the News