ചരിത്ര പ്രസിദ്ധമായ തലസ്ഥാനത്തെ കോട്ടകൾ സംരക്ഷിക്കാൻ സർക്കാർ കിണഞ്ഞ് പരിശ്രമിക്കുകയും കോടികൾ ചിലവിടുകയും ചെയ്യുമ്പോൾ പുരാതനമായ കോട്ടകളുടെ വാർഡായ ഫോർട്ട് വാർഡിൽ കോർപറേഷൻ കൗൺസിലറുടെ നേതൃത്വത്തിൽ കോട്ടയരികിൽ വൻഭൂമി കയ്യേറ്റം നടക്കുന്നതായി പരാതി. അഴിക്കോട്ട എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ കോട്ടയുടെ കവാടത്തോളം എത്തിയ കയ്യേറ്റം ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്തത് വാർഡ് കൗൺസിലറുടെ ഇടപെടൽ കൊണ്ടാണെന്ന് നാട്ടുകാർ പറയുന്നു. കോട്ടയുടെ മതിലിനോട് ചേർന്ന് സ്ഥിരനിർമ്മിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നാലോളം വീടുകൾ ആയി തിരിച്ചാണ് നിർമ്മാണം. ബിജെപി പ്രാദേശിക നേതാവാണ് കയ്യേറ്റത്തിന് പിന്നിൽ. ഈ വീടുകൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഈ കയ്യേറ്റഭൂമിയിലെ കെട്ടിടങ്ങളുടെയും അതിലെ താമസ്സക്കാരുടെയും പേരിൽ നഗരസഭയുടെ ഫണ്ടുകൾ എഴുതിയെടുക്കുകയാണ് ചെയ്യുന്നത്.കൂടാതെ ഈ കൈയ്യേറ്റക്കാർക്ക് ലൈഫ് പദ്ധതിയിൽ വീടും വാങ്ങി കൊടുത്തു വാർഡ് കൗൺസിലർ. ഇവർക്കെല്ലാം മറ്റ് വാർഡുകളിൽ സ്വന്തമായി വീടും, സ്ഥലവും ഉണ്ടെന്ന് പറയപ്പെടുന്നു. ഫോർട്ട് വാർഡ് കൗൺസിലറുടെ സഹായത്തോടെ റിയൽ എസ്റ്റേറ്റ് മാഫിയയും സ്ഥലത്ത് കൊഴുത്ത് വളരുകയാണ്. നഗരസഭയിലെയും റവന്യു വകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൗൺസിലറും കൂട്ടാളികളും ഈ കയ്യേറ്റവും അഴിമതിയും കച്ചവടവും നടത്തുന്നത്. കൗൺസിലർക്കെതിരെ അതിശക്തമായ പ്രതിഷേധം വാർഡിലാകെ പുകയുന്നുണ്ട് എന്നാണ് നാട്ടുകാർ സചപ്പിക്കുന്നത്.

.