ജനങ്ങളുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന യാഥാർഥ്യബോധമുള്ള ബഡ്ജറ്റെന്ന് ആനാവൂർ

സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നവതരിപ്പിച്ച ബഡ്ജറ്റ് ജനങ്ങളുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന യാഥാർഥ്യബോധമുള്ള ബഡ്ജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.കേന്ദ്രം സൃഷ്ടിക്കുന്ന പ്രതിസന്ധികളിലും മഹാമാരി സൃഷ്ടിച്ച പ്രതിബന്ധങ്ങളിലും പതറാതെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനങ്ങളുടെ സുരക്ഷിത ജീവിതവും യാഥാര്‍ത്ഥ്യമാക്കാനുള്ള സുദൃഢമായ മുന്നേറ്റമാണ് ധനമന്ത്രി സ. കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാകുന്നത് എന്ന് മാവൂർ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ മാത്രമെ കൂടുതല്‍ തൊഴില്‍ അവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടുകയുള്ളൂ. ഫെഡറല്‍ തത്വങ്ങളെ വെല്ലുവിളിച്ച് ഭരണ ഘടന നല്‍കുന്ന സംരക്ഷണങ്ങള്‍ പോലും അട്ടിമറിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങളും ഭരണഘടന അനുസൃത സഹായങ്ങളില്‍ നിന്നുള്ള പിന്മാറ്റവും സംസ്ഥാനങ്ങളെ ഞെരുക്കുന്ന അവസരത്തിലാണ് ഏറെ ജനപ്രിയമായ ബജറ്റ് ആണ് സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അവശ വിഭാഗങ്ങള്‍ക്കുള്ള സഹായങ്ങളും വിദ്യാഭ്യാസത്തിനുള്ള ആനൂകൂല്യങ്ങളും ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതികളും സൗജന്യ ചികിത്സയ്ക്കുള്ള മാര്‍ഗങ്ങളും സ്വയം തൊഴില്‍ സംരംഭങ്ങള്‍ നടത്തി ജീവിത മാര്‍ഗം സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയെ പോലും കുത്തക മുതലാളിത്ത സ്ഥാപനങ്ങള്‍ക്ക് അടിയറ വച്ച് കൃഷിക്കാരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന കോര്‍പ്പറേറ്റ് പ്രോത്സാഹന നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ സഹകരണ സ്ഥാപനങ്ങളെ മുന്‍ നിര്‍ത്തി കാര്‍ഷിക വികസനത്തിനുള്ള പുത്തന്‍ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സബ്‌സിഡികള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്തും കാര്‍ഷിക രംഗത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ലാഭകരമായി മുന്നോട്ട് പോകാന്‍ സഹകരണ സ്ഥാപനങ്ങളുടെ സഹായം കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയുമുള്ള ബജറ്റ് മാതൃകാപരമാണ്. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള സഹായം, പ്രവാസികള്‍ക്കായുള്ള കരുതല്‍, യുക്രൈനില്‍ നിന്നും തിരികെ എത്തിയ വിദ്യാര്‍ത്ഥികളെ ചേര്‍ത്തു നിര്‍ത്തല്‍, പൊതു വിദ്യാഭ്യാസ രംഗത്തുള്ള ഇടപെടല്‍, ശ്രീനാരായണ ഗുരു സര്‍വ്വകലാശാലയ്ക്കുള്ള കരുതല്‍, ആദിവാസി പിന്നോക്ക മേഖലയ്ക്കായുള്ള വികസന പദ്ധതികള്‍ തുടങ്ങി സക്രിയമായ നിരവധി പദ്ധതികളും പരിപാടികളുമായി കൂടുതല്‍ സുരക്ഷിതത്വത്തിലേയ്ക്ക് ജനതയെ നയിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ളവയാണെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചതാണ്. അതുകൊണ്ട് തന്നെ ഈ ബജറ്റ് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. മുന്നേറാനുള്ള പ്രതീക്ഷ, ജീവിത നിലവാരം ഉയരുമെന്ന പ്രതീക്ഷ, വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളവുമെത്തുമെന്ന പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് ബഡ്ജറ്റെന്നും ആനാവൂർ പ്രസ്താവനയിൽ പറഞ്ഞു.

 

Comments
Spread the News