സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഫേസ്ബുക്കിൽ കിട്ടിയ പരാതിയെ തുടർന്ന് നേമത്ത് രണ്ട് വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടാനുണ്ടായിരുന്ന തടസ്സങ്ങൾ പാർട്ടി പ്രാദേശിക നേതാക്കൾ ഇടപെട്ട് പരിഹരിച്ചു. ഇതേ സംബന്ധിച്ച് ആനാവൂർ നാഗപ്പൻ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ :
നേമം ഏരിയയിലെ കല്ലിയൂരിൽ താമസിക്കുന്ന മിടുമിടുക്കന്മാരായ രണ്ട് വിദ്യാർത്ഥികളെ ഇന്ന് സന്ദർശിച്ചു. ഒരാൾ പ്രിയതരൻ ബിടെക്ക് വിദ്യാർത്ഥിയാണ്, മറ്റേയാൾ ഹിമതരൻ പി ജിയ്ക്ക് പഠിക്കുന്നു. ഇവരുടെ ഒരു പരാതി കുറച്ച് ദിവസം മുൻപ് എന്റെ ഫേസ്ബുക്ക് മെസഞ്ചറിൽ ലഭിച്ചിരുന്നു. ഓൺലൈൻ ക്‌ളാസ്സിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്നും, കാരണം ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്തത് ആണെന്നും, അതിന് ചില വ്യക്തികൾ തടസ്സം നിൽക്കുന്നു എന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം. ഇക്കാര്യം അടിയന്തിരമായി അന്വഷിച്ച് നിജസ്ഥിതി അറിയിക്കാൻ നേമം ഏര്യാ കമ്മിറ്റി അംഗവും കല്ലിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സ: ശ്രീരാജിനെ അന്ന് തന്നെ ചുമതലപ്പെടുത്തി. തുടർന്ന് പാർട്ടി സഖാക്കൾ ഇവരെ നേരിട്ട് കാണുകയും, കണക്ഷൻ ലഭ്യമാക്കാൻ തടസ്സമുണ്ടാക്കിയവരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിയ്ക്കുകയും ചെയ്തു. അതിന്റെ ഭാഗമായി അവർക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചതായി സ: ശ്രീരാജ് അറിയിച്ചു.
നന്നായി പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാൻ പാടില്ല എന്നത് പാർട്ടിയുടെ നിലപാടാണ്. ഏതായാലും എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പാർട്ടി സഖാക്കൾ ഇപ്പോൾ അവർക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. ഇന്ന് രണ്ട് കുട്ടികളെയും വീട്ടിലെത്തി കണ്ടു. അവരുടെ സന്തോഷം വാക്കുകളിൽ പറയാവുന്നതല്ല. പഠനാവശ്യത്തിന് എന്ത് സഹായത്തിനും പാർട്ടി ഒപ്പമുണ്ടെന്ന് അവർക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്. പാർട്ടി ഏര്യാകമ്മിറ്റി അംഗം സ: കല്ലിയൂർ ശ്രീധരനും, പാർട്ടി വെള്ളായണി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ജയചന്ദ്രനും ഉൾപ്പെടെ പാർട്ടി സഖാക്കളും ഒപ്പമുണ്ടായിരുന്നു.
https://m.facebook.com/story.php?story_fbid=494424665406694&id=100045174935933