ജില്ലയിലെ ബിജെപി പുനസംഘടനയിൽ നേതാക്കൾക്കിടയിൽ അതൃപ്‌തിയും ചേരിതിരിഞ്ഞുള്ള ആരോപണങ്ങളും രൂക്ഷമായി. ജില്ലാ വെസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നഗരസഭ കൗൺസിലർ കൂടിയായ കരമന അജിത് രാജിവച്ചു. തെരഞ്ഞെടുപ്പ് പരാജയം മറികടക്കാനുള്ള ശരിയായ തിരുത്തല്ല പുന:സംഘടന എന്നതിനാലാണ് രാജിയെന്ന് അജിത് പ്രതികരിച്ചു. എന്നാൽ അജിത്തിന് സ്ഥാനമോഹവും ആർത്തിയുമാണെന്ന് എതിർപക്ഷം ആരോപിക്കുന്നു. നഗരസഭയിൽ മേയറെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതടക്കം അജിത്തിന്റെ പല നിലപാടുകളും ബിജെപിയ്ക്ക് തിരിച്ചടിയായതായും അവർ പറയുന്നു. നഗരസഭയ്‌ക്കെതിരെ ബിജെപി ഇത് വരെ ഉയർത്തിയ ആരോപണങ്ങൾ എല്ലാം തുടങ്ങി വച്ചത് അജിത്താണ്. എന്നാൽ ഒന്നിൽ പോലും വസ്തുതയില്ലാത്ത വെറും പുകമറ സൃഷ്ട്ടിക്കുന്ന ആരോപണങ്ങൾ ആയിരുന്നു എന്നാണ് ബിജെപി ജില്ല നേതാക്കളിൽ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സ്വന്തം വാർഡിലെ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ നഗരസഭയിലെ മുഴുവൻ കാര്യങ്ങളിലും ആരോപണം ഉന്നയിച്ച് പേരെടുക്കാനാണ് അജിത്തിന്റെ ശ്രമമെന്നും , ജില്ലാ പ്രസിഡന്റിനെ പോലും അറിയിക്കാതെയാണ് അജിത്തിന്റെ പല ആരോപണങ്ങളുമെന്നും അവർ പറയുന്നു. നഗരത്തിലെ ചില വ്യവസായികളിൽ നിന്നും വൻതോതിൽ അജിത്ത് പണം പറ്റുന്നതായും എതിർചേരി ആരോപിക്കുന്നു. ഇതിനൊന്നും ഭാരവാഹി യോഗത്തിൽ മറുപടി പറയാൻ അജിത്ത് തയാറായിട്ടില്ല. ഇപ്പോഴത്തെ രാജി ഒളിച്ചോട്ടമാണെന്നാണ് ജില്ല നേതാക്കളുടെ വിലയിരുത്തൽ.
അതേസമയം നേതൃത്വത്തിന്റെ സമീപനങ്ങൾ ശരിയല്ല എന്ന് അജിത് ആരോപിച്ചു. നേമത്തെ തോൽവിക്ക് ശേഷം കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് പകരം ജില്ലാ നേതൃത്വം അലസ മനോഭാവമാണ് കാണിക്കുന്നത്. അർഹരായവർക്ക് ഉത്തരവാദിത്തങ്ങൾ നൽകുന്നില്ലെന്നും അജിത്ത് പറഞ്ഞു. ഒന്നര വർഷമായി കോർപ്പറേഷൻ കൗൺസിലറും ജില്ലാ ഉപാധ്യക്ഷനുമായ തനിക്ക് അർഹമായ പരിഗണന തന്നില്ല എന്നാണ് അജിത്തിന്റെ പരാതി.