ഇല്ലാത്ത കമ്മ്യൂണിറ്റി കിച്ചണിന്റെ പേരിൽ കൗൺസിലറുടെ പരസ്യം ; ഭക്ഷണത്തിന് വിളിച്ചവർക്ക് പട്ടിണി മാറ്റാൻ അത്താണിയായത് എൽഡിഎഫ് കൺട്രോൾ റൂം
ഫോർട്ട് വാർഡിലാണ് സംഭവം നടന്നത്. ഫോർട്ട് വാർഡിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നു എന്ന പേരിൽ ബിജെപി കൗൺസിലറുടെ ചിത്രം സഹിതം ഇറക്കിയ പരസ്യമാണ് ഇപ്പോൾ ജനങ്ങളെ വലയ്ക്കുന്നത്. ഈ പരസ്യം കണ്ട ചിലർ അതിലെ നമ്പറിൽ വിളിച്ചെങ്കിലും ഭക്ഷണം കിട്ടിയില്ല. തുടർന്ന് ഫോർട്ട് വാർഡിലെ കമ്യൂണിറ്റി കിച്ചൺ അന്വഷിച്ച് അവശനായ അദ്ദേഹത്തിന് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനായ ഒരാൾ എൽഡിഎഫ് കൺട്രോൾ റൂമിന്റെ നമ്പർ കൊടുക്കുകയും എൽഡിഎഫ് പ്രവർത്തകർ ഭക്ഷണം എത്തിച്ച് നൽകുകയുമായിരുന്നു. പിന്നീടാണ് ഫോർട്ട് വാർഡ് കൗൺസിലറുടെ കള്ളി വെളിച്ചത്തായത്. നഗരസഭാ സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം 10 സാമൂഹ്യ അടുക്കളകൾ ആരംഭിച്ചിട്ടുണ്ട്. അതിൽ ഒന്ന് വഞ്ചിയൂർ വാർഡിലാണ്. അവിടെ നിന്നും ഫോർട്ട് വാർഡ് ഉൾപ്പെടെ എട്ട് വാർഡുകളിലേയ്ക്ക് അർഹരായവർക്ക് മാത്രം ഭക്ഷണപ്പൊതികൾ എത്തിക്കും. ആ കമ്മ്യൂണിറ്റി കിച്ചൺ ആണ് ഫോർട്ട് വാർഡ് കൗൺസിലർ സ്വന്തം അക്കൗണ്ടിൽ ആക്കാൻ ശ്രമിച്ച് പരിഹാസ്യയായത്. കൗൺസിലറുടെ ചിരിക്കുന്ന ചിത്രത്തോടെ ഇറങ്ങിയ പോസ്റ്റർ ഇപ്പോൾ നാട്ടുകാർക്ക് ചിരിക്കാനുള്ള വകയായി എന്ന അവസ്ഥയിലാണ്.
