നെടുങ്കാട് വാർഡിലെ വോട്ട് കണക്കുകൾമാത്രം നോക്കിയാൽ അറിയാം കോർപറേഷൻ തെരഞ്ഞെടുപ്പിൽ അരങ്ങേറിയ ബിജെപി–-യുഡിഎഫ് അവിശുദ്ധ സഖ്യത്തിന്റെ നെറികെട്ട രാഷ്ട്രീയം. വെറും 74 വോട്ടുമാത്രമാണ് ഇവിടെ യുഡിഎഫ് നേടിയത്. നെടുങ്കാട് മാത്രമല്ല യുഡിഎഫിന്റെ സഹായത്തോടെ 25 വാർഡിലും ബിജെപി വിജയിച്ചു. ഇവിടങ്ങളിൽ മൂന്നാം സ്ഥാനത്താണ് യുഡിഎഫ്.
സ്‌റ്റാൻഡിങ് സമിതി അധ്യക്ഷയും സിപിഐ എം ജില്ലാകമ്മിറ്റിയംഗവുമായ എസ് പുഷ്‌പലതയായിരുന്നു നെടുങ്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്കായി മത്സരിച്ചത് അജിത്ത് കുമാർ. യുഡിഎഫിനായി മത്സരിച്ചത് ഫോർവേഡ് ബ്ലോക്കിലെ പത്മകുമാർ. ഫോർവേഡ് ബ്ലോക്കിന് വാർഡ് നൽകിയതിന് എതിരെ കോൺഗ്രസിനുള്ളിൽ എതിർപ്പുയർന്നിരുന്നു. കോൺഗ്രസ് പ്രവർത്തകനെ തന്നെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ, ഡിസിസി ഇത് തള്ളി.
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി ഇവിടെ പിടിച്ചത് 1169 വോട്ടാണ്. ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ പരസ്‌പരധാരണയുടെ അടിസ്ഥാനത്തിൽ സിപിഐ എമ്മിനെ തോൽപിക്കാൻ യുഡിഎഫും ബിജെപിയും കൈകോർത്തു. ആയിരത്തിലധികം വോട്ടുണ്ടായിരുന്ന യുഡിഎഫിന് നൂറ് വോട്ടുപോലും നേടാനായില്ല. ബിജെപി സ്ഥാനാർഥിക്ക് 3625 വോട്ട് ലഭിച്ചു. രണ്ടാമതെത്തിയ എൽഡിഎഫിന്റെ പുഷ്‌പലതയ്ക്ക് 3442 വോട്ട്. യുഡിഎഫിന് 74.
ബിജെപി വിജയിച്ച ഭൂരിഭാഗം വാർഡുകളിലും യുഡിഎഫിന്റെ സഹായം അവർക്ക് ലഭിച്ചു. പുന്നക്കാമുഗളിൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി മൂന്നാമതായി. 2015ൽ 1435 വോട്ട് പിടിച്ചിടത്ത് ഇപ്രാവശ്യം 815 വോട്ടാണ് നേടിയത്. എൽഡിഎഫിന്റെ സിറ്റിങ് വാർഡായിരുന്ന ഇവിടെ ബിജെപി ജയിച്ചു. ചെമ്പഴന്തി, കാഞ്ഞിരംപാറ തുടങ്ങിയ വാർഡുകളിലും യുഡിഎഫിന് വോട്ട് കുറഞ്ഞു. അവിടെയെല്ലാം ബിജെപി ജയിച്ചു. ചെല്ലമംഗലം, പൗഡിക്കോണം, ചെട്ടിവിളാകം, തുരുത്തുംമൂല, കൊടുങ്ങാനൂർ, പിടിപി നഗർ, പാങ്ങോട്, തിരുമല, വലിയവിള, ജഗതി, തൃക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നക്കാമുകൾ, പാപ്പനംകോട്, എസ്‌റ്റേറ്റ്, മേലാങ്കോട്, വെള്ളാർ, തിരുവല്ലം, ചാല, മണക്കാട്, ശ്രീകണ്‌ഠേശ്വരം, പാൽക്കുളങ്ങര, കരിക്കകം വാർഡുകളിലും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.
Comments