നഗരത്തിന്റെ മുഖംമാറ്റുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പൂർത്തീകരണത്തിലേക്ക് തിരുവനന്തപുരം നഗരസഭ. കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാൾ പാർക്ക്, ഗാന്ധിപാർക്ക്, ശ്രീകണ്ഠേശ്വരം പാർക്കുകളിൽ 40 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഓപ്പൺജിമ്മിന്റെ നിർമാണം പൂർത്തിയായി. കുട്ടികൾക്കുള്ള കളിക്കോപ്പുകളോടെയാണ് ഓപ്പൺ ജിം സജ്ജീകരിച്ചിരിക്കുന്നത്.
നഗരസഭാ അങ്കണം, തമ്പാനൂർ കെഎസ്ആർടിസി ടെർമിനൽ, ഗാന്ധി പാർക്ക് എന്നിവിടങ്ങളിൽ ഇൻഫർമേഷൻ കിയോസ്ക്കുകളുടെ നിർമാണം അറുപത് ശതമാനത്തോളം പൂർത്തിയായി. വിദേശികൾക്കുൾപ്പെടെ നഗരത്തെ മനസിലാക്കാൻ കഴിയുന്ന തരത്തിലാണ് ഇൻഫർമേഷൻ കിയോസ്ക്കുകൾ സ്ഥാപിക്കുക. നഗരസഭയുടെ 6 കക്കൂസുകൾ, നഗരത്തിലെ ആറിടങ്ങളിലായി ബസ് ഷെൽട്ടർ, അങ്കണവാടികളുടെ നവീകരണം എന്നിവയും പുരോഗമിക്കുകയാണ്.
22 കോടി മുടക്കി തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർമിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം, പുത്തരിക്കണ്ടം മൈതാനത്ത് 16 കോടിയുടെ ഓപ്പൺ എയർ തിയേറ്റർ എന്നിവയുടെ ടെൻഡർ നടപടികൾ അടുത്താഴ്ച ആരംഭിക്കും. സ്മാർട് സിറ്റിക്കാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. നഗരത്തിലും സമീപപ്രദേശങ്ങളിലും ശുദ്ധജലം ലഭ്യമാവുന്നതിനായി അരുവിക്കരയിൽ 75 മില്ല്യൻ ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെ നിർമാണം 60 ശതമാനം പൂർത്തിയായി. ജലശുദ്ധീകരണശാല വരുമ്പോൾ നഗരത്തിലെ ശുദ്ധജലക്ഷാമത്തിന് പൂർണമായും പരിഹാരം കാണാൻ കഴിയും. അമൃത് പദ്ധതിയിൽ നടപ്പാക്കുന്ന ശുദ്ധീകരണശാലയുടെ നിർമാണ ചെലവ് 70 കോടിയാണ്.