കോട്ടയ്ക്കകം കൊത്തളം റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുവെന്ന പ്രദേശവാസികളുടെ പരാതിയ്ക്ക് പരിഹാരമാകുന്നു. തിരുവനന്തപുരം മേയർ ശ്രീമതി ആര്യരാജേന്ദ്രൻ നേരിട്ട് ഇടപെട്ടാണ് പരിഹാരം കണ്ടത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിച്ച റോഡുകളിൽ ഒന്നാണ് കൊത്തളം റോഡ്. അഴിക്കോട്ട ജംഗ്‌ഷൻ മുതൽ പടിഞ്ഞാറേകോട്ട വരെയുള്ള ഈ റോഡിൽ മൂന്നിടത്താണ് കുടിവെള്ള പൈപ്പിൽ ചോർച്ച ഉണ്ടായത്. വാർഡ് കൗൺസിലറിനോട് പലതവണ പരാതി ഉന്നയിച്ചിട്ടും യാതൊരു പരിഹാരവും കാണാൻ കൗൺസിലർ ഇടപെട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒടുവിൽ പരാതി മേയറുടെ പരാതിപരിഹാര നമ്പരായ 9447377477 ലേക്ക് അയക്കുകയായിരുന്നു. പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ മേയറുടെ ഓഫിസിൽ നിന്ന് കൊത്തളം റോഡിലെ പൈപ്പ് ചോർച്ച രൂക്ഷമായ ഭാഗത്തെ താമസക്കാരനായ ശ്രീ അനിലിനെ ബന്ധപ്പെടുകയും അടിയന്തര പരിഹാരം കാണാൻ സ്മാർട്ട് സിറ്റി അധികൃതർക്ക് നിർദ്ദേശം നൽകിയ വിവരം അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥരും കോൺട്രാക്ടറും അടക്കം സ്ഥലത്തെത്തി പരിശോധിച്ച് നടപടികൾ ആരംഭിച്ചു.
ഇന്ന് (12.06.2025) ന് അറ്റകുറ്റപണികൾ ആരംഭിക്കുകയും ചെയ്തു.
വാർഡ് കൗൺസിലർ അവഗണിച്ച പ്രശ്നം മേയർ ആര്യ രാജേന്ദ്രൻ ഇടപെട്ട് പരിഹരിച്ചതിൽ പ്രദേശത്തെ ജനങ്ങൾ മേയർക്ക് നന്ദി രേഖപ്പെടുത്തി. എന്തിലും ഏതിലും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സാധ്യത തിരയലല്ല, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കലാണ് ജനപ്രതിനിധികളുടെ കടമ എന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ.