സ്മാർട്ട് സിറ്റി നിർമാണത്തിനായി എടുത്ത കുഴികൾ മണ്ണിട്ട് മൂടി സമരം നടത്തിയ ബിജെപിയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ. തലസ്ഥാനനഗരത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ബിജെപി എന്ന് ആനാവൂർ സാമൂഹ്യമാധ്യമ പോസ്റ്റിൽ പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം അക്കമിട്ട് നിരത്തിയാണ് ആനാവൂരിന്റെ പോസ്റ്റ്. ആനാവൂർ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന 2020ലാണ് ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിലെത്തുന്നത്. ബിജെപി നഗരസഭ ഭരണത്തിലെത്തും എന്നതരത്തിൽ ചർച്ചകൾ അക്കാലത്ത് സജ്ജീവമായിരുന്നു. എന്നാൽ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് എൽഡിഎഫ് ഭൂരിപക്ഷം നേടുന്നത്. അതിന് മുൻപ് വി കെ പ്രശാന്ത് ഭൂരിപക്ഷമില്ലാതെയാണ് മേയറായിരുന്നത്. എന്നാൽ 55 സീറ്റിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് 2020ൽ എൽഡിഎഫ് വിജയിച്ചത്. അതിന്റെ ആഘാതം ഒഴിയും മുൻപാണ് 21 വയസ്സുള്ള പെൺകുട്ടിയെ മേയറാക്കികൊണ്ട് ആനാവൂർ രാജ്യത്തെ തന്നെ ഞെട്ടിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന റെക്കോർഡോടു കൂടിയാണ് ആര്യ രാജേന്ദ്രൻ അധികാരമേറ്റത്. അതോടുകൂടി ബിജെപിയുടെ സമനിലതെറ്റിയെന്നാണ് ആനാവൂർ പോസ്റ്റിൽ പറയുന്നത്.ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം വ്യക്തമാക്കുന്ന ആനാവൂർ നാഗപ്പന്റെ പോസ്റ്റിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :
തലസ്ഥാനനഗരത്തിലെ ജനങ്ങളെയാണ് ബിജെപി വെല്ലുവിളിക്കുന്നത്
തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലേയ്ക്ക് കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റ പ്രഹരത്തിന്റെ ആഘാതത്തിൽ നിന്ന് ഇന്നും ബിജെപി മുക്തമായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആകമാനം ബിജെപിയുടെ പ്രചാരണവിഷയം ” ഇതാ ഞങ്ങൾ തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാൻ പോകുന്നു, ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ ബിജെപിയുടെ മേയർ സ്വീകരിക്കും ” എന്നായിരുന്നു. അന്ന് ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന 35 വാർഡുകളും കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുന്ധമായ കൂട്ടുകെട്ടുമായിരുന്നു ബിജെപിയെ ഇങ്ങനെ ഒരു പ്രഖ്യാപനത്തിന് പ്രേരിപ്പിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ബിജെപി ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. എൽഡിഎഫ് ആകട്ടെ 55 വാർഡിലും വിജയിച്ച് ഉജ്വലമായ മുന്നേറ്റം നടത്തി അധികാരത്തിലെത്തി. ബിജെപിക്ക് കിട്ടിയ ആദ്യത്തെ അടിയായിരുന്നു അത്. പിന്നീട് എൽഡിഎഫ് ആര്യ രാജേന്ദ്രൻ എന്ന 21 കാരിയെ മേയർ ആക്കിയതോടെ ബിജെപിയുടെ സമനില ആകെ തെറ്റുകയായിരുന്നു. അന്ന് മുതൽ നഗരഭരണത്തെയും തലസ്ഥാനത്തിന്റെ വികസനത്തെയും തുരങ്കം വയ്ക്കാനും തകർക്കാനുമാണ് ബിജെപി ശ്രമിച്ച് വരുന്നത്. മാത്രമല്ല ആർഎസ്എസ് – ബിജെപി പ്രത്യയശാസ്ത്രം പൊതുവെ സ്ത്രീവിരുദ്ധമായത് കൊണ്ട് തന്നെ 21 വയസുള്ള ഒരു പെൺകുട്ടി മേയറുടെ കസേരയിൽ ഇരിക്കുന്നത് ഓരോ തവണ കാണുമ്പോഴും അവരുടെ മനോനില തെറ്റുന്നത് സ്വാഭാവികമാണ്. മേയർ ആര്യ രാജേന്ദ്രനെ വ്യക്തിഹത്യ നടത്തി ഇല്ലായ്മ ചെയ്യാനുള്ള എല്ലാ അടവും പ്രയോഗിച്ച് വരികയാണ് ബിജെപി. കേരളത്തിൽ ഒരാളും നേരിടാത്തത്രയും ഭീകരമായ മാധ്യമ / സൈബർ ആക്രമണമാണ് ആര്യ രാജേന്ദ്രൻ ഈ കാലയളവിൽ നേരിട്ടത്. അന്നും ഇന്നും അതിനെയെല്ലാം സധൈര്യം നേരിട്ട് തന്നിലർപ്പിതമായ ചുമതല അങ്ങേയറ്റം ഭംഗിയായി നിർവഹിക്കുകയാണ് ആര്യ രാജേന്ദ്രൻ ചെയ്തത്. നിലവിലെ ഭരണസമിതി വന്ന ശേഷം മൂന്ന് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതിൽ രണ്ട് വാർഡ് എൽഡിഎഫിന്റെയും ഒന്ന് ബിജെപിയുടെയും ആയിരുന്നു. എൽഡിഎഫിന്റെ രണ്ട് വാർഡും നിലനിർത്തുകയും ബിജെപിയുടെ വാർഡ് പിടിച്ചെടുക്കുകയും ചെയ്തു. ഇത് നഗരസഭ ഭരണസമിതിക്കും മേയർക്കുമുള്ള ജനപിന്തുണയുടെ തെളിവാണ്. മികവാർന്ന രീതിയിൽ മാനദണ്ഡങ്ങൾ പാലിച്ച് സ്മാർട്ട് സിറ്റി പദ്ധതി ഒന്നാം ഘട്ടം നടപ്പാക്കി വരുന്നതിന്റെ അടിസ്ഥാനത്തിൽ രണ്ടാം ഘട്ടത്തിലേക്കും തിരുവനന്തപുരം കോർപറേഷനെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിരവധി പുരസ്‌ക്കാരങ്ങൾ ഈ കാലയളവിൽ തലസ്ഥാന നഗരത്തിന് കിട്ടുകയുണ്ടായി. വിസ്താരഭയത്താൽ എല്ലാം ഇവിടെ പറയാൻ തുനിയുന്നില്ല. ഒരുവിഭാഗം മാധ്യമങ്ങളെയും സൈബർരംഗത്തെ കുറെ ക്രിമിനലുകളെയും കൂട്ടുപിടിച്ച് ഇല്ലാതാക്കാൻ കഴിയുന്നതല്ല ജനങ്ങളുടെ ജീവിതാനുഭവങ്ങളെ. ജനങ്ങളുടെ സുഖദുഃഖങ്ങളിൽ അവർക്കൊപ്പം നിന്നവരാണ് എൽഡിഎഫ്. അതുകൊണ്ട് തന്നെ എൽഡിഎഫിനൊപ്പം ജനങ്ങളും ഉറച്ച് നിൽക്കുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്.
ഇന്നലെ ബിജെപി നടത്തിയ ഒരു സമരത്തിന്റെ എന്ന പേരിൽ കണ്ട ചിത്രമാണ് ഇന്ന് ഇത് എഴുതാൻ കാരണം. സ്മാർട്ട് റോഡ് നിർമ്മാണത്തിന് വേണ്ടി എടുത്തിട്ടിരുന്ന കുഴി മണ്ണിട്ട് മൂടികൊണ്ടാണ് ബിജെപി സമരം നടത്തിയിരിക്കുന്നത്. അല്പം വെളിവും വെട്ടവും ഉള്ള ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഇത്. പൈപ്പ് ലൈൻ ഇടാൻ വേണ്ടി കുഴിച്ച കുഴിയായിരുന്നു അത്. അതിനിയും വീണ്ടും കുഴിക്കണം, അതിൽ ഗ്രാനുലാർ മെറ്റൽ ഇട്ട് വേണം മൂടാൻ. ഇപ്പോൾ ഈ തോന്നിവാസം കാരണം ഇരട്ടിപ്പണിയും പാഴ്ച്ചിലവും ഉണ്ടാകുന്ന സ്ഥിതിയായി. എങ്ങനെയും സ്മാർട്ട് സിറ്റി പദ്ധതി തടസപ്പെടുത്തി നമ്മുടെ ഈ നഗരത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കണം എന്ന രാഷ്ട്രീയ ദുഷ്ടലാക്ക് മാത്രമാണ് ബിജെപിയുടെ രാഷ്ട്രീയം. മഴക്കാലം തീർന്നിട്ടില്ല, അതിന് മുൻപ് പരമാവധി പണികൾ തീർക്കാനാണ് സർക്കാരും നഗരസഭയും പരിശ്രമിക്കുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാർട്ടികളും സ്വാഭാവികമായി അങ്ങനെയാണ് ചെയ്യുക. എന്നാൽ ബിജെപിക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളു, തലസ്ഥാന നഗരത്തെ കുളംതോണ്ടുക, എൽഡിഎഫിനും മേയർക്കും നേരെ നുണപ്രചാരണം നടത്തുക, അധികാരം പിടിക്കുക. ഈ പൊറാട്ട് നാടകങ്ങൾ എല്ലാം തത്സമയം കാണുന്നവരാണ് നഗരവാസികളായ ജനങ്ങൾ. അതുകൊണ്ട് ബിജെപിയുടെ ഈ രാഷ്ട്രീയ കുപ്രചാരണതന്ത്രം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും.
https://www.facebook.com/share/p/KcNaUGSr7D11srwX/?mibextid=WC7FNe