സ്‌മാർട്ട് റോഡ് നിർമാണം തടസ്സപ്പെടുത്താൻ ശ്രമിച്ച ബിജെപി കൗൺസിലർമാരുടെ നടപടി അപലപനീയമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. സമരത്തിന്റെ പേരിൽ സ്മാർട്ട് റോഡ് നിർമ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണ പൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ ബിജെപി കൗൺസിലർമാർ മണ്ണിട്ട് മൂടി. ബിജെപിയുടേത് സമരാഭാസമാണ്. മഴ ശമിച്ചതോടെ തൊഴിലാളികളുടെ നേതൃത്വത്തിൽ അതിവേഗം നിർമാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി കൗൺസിലർമാർ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ട് മൂടിയത്. പൊതുമുതലാണ് ഇവർ നശിപ്പിച്ചിരിക്കുന്നത്.
ബിജെപി കൗൺസിലർമാർ നിർമാണം തടസ്സപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു. ജോലി പൂർത്തിയാകാത്തതിനാൽ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാർ മെറ്റൽ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാൽ ജോലികൾ തീരാൻ വീണ്ടും കാലതാമസമുണ്ടാകും.ആരാണ് നഗരത്തെ ദുരിതത്തിലാക്കുന്നത് ആരാണ് നാടിന്റെ വികസനം മുടക്കുന്നതെന്നും ഇതുവഴി തെളിഞ്ഞതായി മേയർ പറഞ്ഞു.