മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശമയച്ച കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി . എറണാകുളം കോലഞ്ചേരി സ്വദേശി ശ്രീജിത്തിനെയാണ് തിരുവനന്തപുരം എസിജെഎം കോടതി റിമാൻഡ് ചെയ്‌തത്. ആര്യയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ശ്രീജിത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്. ആര്യയോട് കെഎസ്‌ആർടിസി ഡ്രൈവർ അപമര്യാദയായി പെരുമാറിയതിന് പിന്നാലെയാണ് ശ്രീജിത്ത് മേയറുടെ ഔദ്യോഗിക വാട്ട്‌സാപ് നമ്പരിലേക്ക് കേട്ടാലറയ്‌ക്കുന്ന ഭാഷയിൽ തെറി സന്ദേശമയച്ചത്. ഐപിസി 509, 364എ, ഐടി നിയമത്തിലെ 67എ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.പ്ലംബറായി ജോലി ചെയ്യുന്ന താൻ മദ്യപാനത്തിന് അടിമയാണെന്നും മദ്യലഹരിയിലാണ് അശ്ലീല സന്ദേശം അയച്ചതെന്നുമാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യം വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. വാട്‌സാപ്പിൽ തെറിവിളി നടത്തിയെന്ന പരാതിയിൽ മറ്റൊരു കേസുകൂടി സൈബർ പൊലിസ് രജിസ്റ്റർ ചെയ്‌തു. ഐപിസി 509, 364എ, ഐടി നിയമത്തിലെ 67എ വകുപ്പുകൾ പ്രകാരമാണ് പുതിയ കേസും രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇതോടെ മേയർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി പ്രചാരണം നടത്തിയ സംഭവത്തിൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം മൂന്നായി.