ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും അന്തർദേശീയ തലത്തിലെ പ്രമുഖ ട്രാവൽ ഏജൻസിയുമായ ബ്രിട്ടനിലെ തോമസ് കുക്കിന്റെ തകർച്ച യു.എ.ഇ. യിലെ തോമസ് കുക്ക് പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിവരം. യു.കെ. പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും 2012 മുതൽ തോമസ് കുക്കിന്റെ യു.എ.ഇ. പ്രവർത്തനങ്ങൾ യു.കെ. കമ്പനിയുടെ കീഴിലല്ലെന്നും അൽ റോസ്തമാനി വക്താവ് പറഞ്ഞു. യു.എ.ഇ.യിൽ ബിസിനസ് പതിവുപോലെയാണ്. അൽ റോസ്തമാനി ട്രാവൽസ് നേരത്തെ തോമസ് കുക്ക് യു.കെയെ പ്രതിനിധാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് തോമസ് കുക്ക് ഇന്ത്യയുമായി സഖ്യത്തിലേർപ്പെട്ടുവെന്നും വക്താവ് പറഞ്ഞു
178 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയിൽ 22,000 പേരാണ് ജോലി ചെയ്തിരുന്നത്. ബ്രിട്ടനിൽ മാത്രം 9,000 പേർ ജോലി ചെയ്തിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനി പൂട്ടിയത്.