“നിങ്ങളുടെ മുത്തശ്ശി രാജ്യം അടക്കിവാണ കാലത്ത്‌ ഒന്നരവർഷം ജയിലിലടച്ചിട്ടുണ്ട്, അന്നില്ലാത്ത വേവലാതി ഇന്നില്ല’; രാഹുലിനോട്‌ പിണറായി

ജയിലെന്നും അറസ്റ്റെന്നും ചോദ്യം ചെയ്യല്ലെന്നും കേട്ടാൽ കോൺഗ്രസ് നേതാക്കളെ പോലെ പേടിച്ചു വിറയ്ക്കുന്നവരല്ല ഇടതുപക്ഷമെന്ന് രാഹുൽ ഗാന്ധി മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാക്കൂരിൽ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തില്ല, കസ്റ്റഡിയിലെടുത്തില്ല എന്നാണ് രാഹുൽ ഗാസിയുടെ പ്രയാസം. നിങ്ങളുടെ മുത്തശ്ശി രാജ്യം അടക്കിവാണ കാലത്ത്‌ ഒന്നരവർഷം ജയിലിലടച്ചിട്ടുണ്ട്. അന്നില്ലാത്ത വേവലാതി ഇന്നില്ല. ഇ ഡി വന്നാൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ചവാനെപ്പോലെ പേടിച്ച് ബി ജെ പി യിൽ ചേരുന്നവരല്ല ഞങ്ങളൊന്നും.

എനിക്കെതിരെ കോൺഗ്രസ് ഭരണത്തിലും കേസ് കെട്ടിച്ചമച്ചിട്ടുണ്ട്. ആ കേസ് എന്തായി എന്ന് രാഹുൽ ഗാന്ധി അന്വേഷിക്കുന്നത് നന്നാകും. വിജിലൻസ് തള്ളിയ കേസ് സിബിഐക്ക് വിട്ടു. അവരും വിജിലൻസ് പറഞ്ഞിടത്തു തന്നെയാണ് എത്തിയത്. അന്ന് കോൺഗ്രസാണ് കേന്ദ്രത്തിൽ. അന്ന് അധികാരത്തിലിരുന്നവരുമായി ചർച്ച ചെയ്യാൻ പറ്റിയാൽ എന്തായിരുന്നു സിബിഐ അന്വേഷണ റിപ്പോർട്ടും നിയമോപദേശവും എന്ന് മനസ്സിലാക്കണം.

അന്നും കേസെന്ന് കേട്ട് ബോധം കെട്ടിട്ടില്ല. അന്വേഷണ ഏജൻസികളെ കാട്ടി വിരട്ടാൻ നോക്കരുത്. നിങ്ങളെ വിമർശിക്കുന്നതിനെപ്പറ്റിയാണ് പരാതി. നിലപാടിൻ്റെ കാര്യത്തിലാണ് ആ വിമർശനം. പൗരത്വ ഭേദഗതിയിലാണ് വിമർശനം. അത് വിഷയമല്ലേ. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിൽ നിങ്ങൾ ഉണ്ടായോ? എന്തുകൊണ്ടാണ് മാറി നിന്നത്? ഡൽഹിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ‘നേതാക്കളിൽ കോൺഗ്രസുകാരെ കണ്ടിട്ടില്ല. കേരളത്തിൽ തുടക്കത്തിൽ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറായ കോൺഗ്രസ് എന്തുകൊണ്ടാണ് പിന്നീട് പിൻവാങ്ങിയത്. കേരളത്തിന് പുറത്ത് നിങ്ങൾ പ്രക്ഷോഭത്തിൽ ഭാഗമായിട്ടില്ല. കേരളത്തിലും വേണ്ട എന്ന് കേന്ദ്ര നേതൃത്വമാണോ നിർദ്ദേശിച്ചത്? ആ ചോദ്യമാണ് രാഹുൽ ഗാന്ധിയോട് ചോദിക്കുന്നത്. അതിന് എന്താണ് മറുപടി പറയാത്തത്. നാലു വർഷത്തിന് ശേഷം ഇപ്പോൾ ചട്ടം കൊണ്ടുവന്നു. എല്ലാവരും പ്രതിഷേധിച്ചു. കോൺഗ്രസ് ശബ്ദം ഉണ്ടായോ? അഖിലേന്ത്യാ പ്രസിഡൻ്റിനോട് പ്രതികരണം ആരാഞ്ഞപ്പോൾ രാത്രി ആലോചിച്ച് പറയാം എന്നാണ് പറഞ്ഞത്. ഭാരത് ജോഡോ യാത്രയിൽ രാജ്യത്തും ലോകത്തുമുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറഞ്ഞ താങ്കൾ ഒഴിവാക്കിയ ഏക വിഷയം പൗരത്വ നിയമമാണ്. അതുകൊണ്ടാണ് നിങ്ങളുടെ പേര് പറഞ്ഞ് ചോദിക്കുന്നത്. നാമ നിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയ ഘട്ടത്തിലെങ്കിലും നിങ്ങൾ പ്രതികരിച്ചോ? എന്താണ് അറച്ചു നിൽക്കുന്നത്?.

കോൺഗ്രസ് പ്രകടന പത്രികയിൽ എന്തുകൊണ്ടാണ് പൗരത്വനിയമം റദ്ദാക്കുമെന്ന് പറയാത്തത്? അതൊരു പ്രശ്നമല്ലേ? സംഘപരിവാർ മനസുള്ളവർക്കല്ലേ ഇക്കാര്യത്തിൽ ബിജെപിക്കൊപ്പം നിൽക്കാൻ ബാധ്യതയുള്ളൂ. നിങ്ങൾക്ക് എങ്ങനെ ആ ബാധ്യത വരുന്നു എന്നതാണ് ചോദ്യം. അതിന് മറുപടി പറയാതെ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല – മുഖ്യമന്ത്രി പറഞ്ഞു.

Comments
Spread the News