സ്റ്റാച്യു – ജനറല്‍ ആശുപത്രി റോഡ് തിങ്കളാഴ്‌ച തുറക്കും

സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കെആർഎഫ്ബി നിർമിക്കുന്ന സ്റ്റാച്യു – ജനറൽ ആശുപത്രി റോഡ്‌ ആദ്യഘട്ട ടാറിങ് പൂർത്തിയാക്കി തിങ്കളാഴ്‌ച തുറക്കും. റോഡിനടിയിലൂടെ കേബിൾ സ്ഥാപിക്കുന്നതിനുള്ള പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.  നോർക്ക – ഗാന്ധിഭവൻ റോഡും ആദ്യഘട്ട ടാറിങ് പൂർത്തിയാക്കി ബുധനാഴ്‌ച തുറക്കുമെന്ന്‌ കെആർഎഫ്ബി അധികൃതർ അറിയിച്ചു. ഇവിടെ ഒന്നാംഘട്ട ടാറിങിന് മുമ്പുള്ള റോഡ് ഫോർമേഷൻ പ്രവൃത്തി ആരംഭിച്ചു. മെറ്റൽ വിരിച്ച് റോഡ് നിരപ്പാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഏറ്റവും നീളം കൂടിയ ആൽത്തറ – തൈക്കാട് റോ‍ഡിലും ഘട്ടമായി പ്രവൃത്തി പൂർത്തിയാകുകയാണ്. വനിതാ കോളേജിന് സമീപം റോഡിന്റെ ഒരു ഭാഗം ഒന്നാംഘട്ട ടാറിങ് പൂർത്തിയാക്കി. ആൽത്തറമുതൽ റോഡ് ഫോമേഷൻ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി പൂർത്തിയാകുന്ന ഇടങ്ങളിൽ ഘട്ടമായി റോഡ് തുറക്കും. മറ്റ് റോഡുകളിലും പ്രവൃത്തി വേഗത്തിൽ പുരോഗമിക്കുന്നു. നഗരത്തിലെ 11 റോഡുകളാണ് സ്‌മാർട്ടാക്കുന്നത്. ഈ റോഡരികിലെ പോസ്റ്റുകളിലെയും തൂണുകളിലെയും കേബിളുകൾ ഇനി അപ്രത്യക്ഷമാകും. വൈദ്യുതിലൈൻ  റോഡിനടിയിലൂടെയാണ് കടന്നുപോവുക.  കുടിവെള്ളത്തിനോ സ്വീവറേജ് ലൈനിനോവേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കേണ്ടി വരില്ല. ഇവ പ്രത്യേക ഡക്ടുകളിലൂടെയാകും കടന്നുപോകുക. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ മുടങ്ങിക്കിടന്ന റോഡുകളിൽ നവീകരണം സാധ്യമാക്കിയത്.

Comments
Spread the News