Site icon Ananthapuri Express

സിൽവർലൈൻ മഞ്ഞക്കുറ്റി പിഴുത് വച്ച വാഴയിലെ കുലയ്ക്ക് 60,250 രൂപ

കെ റെയിൽ സമരക്കാർ മഞ്ഞക്കുറ്റി പിഴുത് നട്ട വാഴ കുലച്ചു. വാഴക്കുല ലേലം ചെയ്തപ്പോൾ കിട്ടിയത് 60,250 രൂപയും. തൃശൂർ പാലക്കൽ സ്വദേശി ബാബുവിന്റെ പറമ്പിൽ നട്ട വാഴയിലെ കുലയാണ് 60,250 രൂപയ്ക്ക് ലേലത്തിൽ പോയത്. പാലയ്ക്കൽ സ്വദേശി കെ വി പ്രേമനാണ് കുല വാങ്ങിയത്.  കെ റെയിൽ വിരുദ്ധ സമിതി പ്രതിഷേധ സൂചകമായി നട്ട വാഴയുടെ വിളവെടുപ്പാണ് നടന്നത്. ബാബുവിന്റെ പുരയിടത്തിലൂടെ കെ റെയിൽ കടന്നുപോകുന്നുണ്ട്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ സമരസമിതിയുടെ ആഹ്വാനപ്രകാരമാണ് വാഴ നട്ടത്.

പരിസ്ഥിതി ദിനത്തിൽ പ്രതിഷേധസൂചകമായി 99 എം.എൽ.എ.മാരുടെ എണ്ണത്തിന് തുല്യമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ 99 വാഴത്തൈകൾ നട്ടിരുന്നു. അതിൽ പാലയ്ക്കൽ ചെത്തിക്കാട്ടിൽ ബാബുവിന്റെ പറമ്പിൽ നട്ട വാഴയുടെ കുലയാണ് ലേലം ചെയ്തത്. വാഴക്കുല വെട്ടി സമരസമിതി പ്രവർത്തകർ പാലയ്ക്കൽ സെന്ററിലേക്ക് പ്രകടനം നടത്തിയശേഷമാണ് ലേലം നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആളുകൾ ലേലത്തിൽ പങ്കെടുത്തു.

വാഴക്കുല ലേലം ചെയ്തു കിട്ടിയ തുക ചെങ്ങന്നൂരിൽ അടുപ്പു കല്ല് ഇളക്കി മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ വീട് നിർമ്മാണ ഫണ്ടിലേക്ക് നൽകാനാണ് സമരസമിതിയുടെ തീരുമാനം.’കെ റെയിൽ വേണ്ട കേരളം വേണം’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി 2022 മെയ് 31 മുതൽ ജൂൺ 6 വരെ പരിസ്ഥിതി സംരക്ഷണ വാരാചരണം നടത്തിയിരുന്നു. ജൂൺ അഞ്ചിന് പദ്ധതി അനുകൂലികളായ എംഎൽഎ മാരോടുള്ള പ്രതിഷേധ സൂചകമായി 11 ജില്ലകളിലും സമര വാഴ നടൽ നടത്തിയിരുന്നു.

Comments
Spread the News
Exit mobile version