Site icon Ananthapuri Express

ശാർക്കര ദേവി ക്ഷേത്രത്തിനുള്ളിൽ ആർഎസ്എസ് ആയുധ പരിശീലനം നടത്തുന്നത് ഹൈക്കോടതി നിരോധിച്ചു

തിരുവനന്തപുരത്ത് ശാർക്കര ദേവീക്ഷേത്ര പരിസരത്ത് മാസ് ഡ്രില്ലും ആയുധ പരിശീലനവും നടത്താൻ ആർഎസ്എസിനെ അനുവദിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ശാർക്കര ക്ഷേത്രം. ആർഎസ്എസ് പ്രവർത്തകർ ക്ഷേത്രപരിസരം അനധികൃതമായി ഉപയോഗിക്കുന്നതും ക്ഷേത്രഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നതും തടയാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഭക്തർ സമർപ്പിച്ച ഹർജി തീർപ്പാക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.

ദേവസ്വം ബോർഡ് നിയന്ത്രിക്കുന്ന ആരാധനാലയങ്ങളിൽ ആർഎസ്എസ് ശാഖകളും കൂട്ട ആയുധാഭ്യാസങ്ങളും നിരോധിച്ചുകൊണ്ടുള്ള മുൻ ടിഡിബി ഉത്തരവ് കർശനമായി പാലിക്കുന്നതിന് ആവശ്യമായ സഹായം നൽകാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിൻ കീഴിലുള്ള ശാർക്കര ക്ഷേത്രത്തിന്റെ പരിസരത്ത് യാതൊരുവിധ മാസ് ഡ്രില്ലും ആയുധ പരിശീലനവും അനുവദിക്കുന്നതല്ലെന്നും. ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് ആവശ്യമായ സഹായം നൽകേണ്ടതാണ് എന്നും, നിരോധനം കർശനമായി പാലിക്കുക എന്നതുമാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അജിത്കുമാറും അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന ടിഡിബി മെയ് 18 ന് പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിന്നു. ബോർഡിന് കീഴിലുള്ള ആരാധനാലയങ്ങളിൽ ആർഎസ്എസ് ശാഖകളോ മാസ് ഡ്രില്ലുകളോ നിരോധിച്ച് കൊണ്ടുള്ള മുൻ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ബോർഡ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2021ലെ ഉത്തരവ് പാലിക്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ടിഡിബി ആ സർക്കുലറിൽ പറഞ്ഞു. ക്ഷേത്ര സമുച്ചയങ്ങളിൽ ആർഎസ്എസ് നടത്തുന്ന എല്ലാത്തരം ആയുധ പരിശീലനങ്ങളും നിരോധിച്ചുകൊണ്ട് 2016ൽ ടിഡിബി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പിന്നീട് 2021 മാർച്ച് 30 ന്, നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ബോർഡ് സർക്കുലർ വീണ്ടും പുറത്തിറക്കി.

2016ൽ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേരളത്തിലെ ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് വൻതോതിൽ പരാതികൾ ലഭിക്കുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു.

Comments
Spread the News
Exit mobile version