Site icon Ananthapuri Express

കോട്ടയിലെ കോച്ചിം​ഗ് ട്രെഡ്മില്ലിൽ കയറിയത് പോലെ; പരസ്പരം കടുത്ത മത്സരം മാത്രം; വിദഗ്ധർക്കും വിദ്യാര്‍ഥികൾക്കും പറയാനുള്ളത്

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോച്ചിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന രാജസ്ഥാനിലെ കോട്ടയില്‍ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ സൗഹൃദമില്ല, മത്സരം മാത്രം. കോട്ടാ ഫാക്ടറി എന്നറിയപ്പെടുന്ന ഇവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ ജീവനൊടുക്കുന്ന പ്രവണതയും വര്‍ധിക്കുന്നതായി സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നു. എഞ്ചിനീയറിങ്, മെഡിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ജീവനൊടുക്കുന്ന പ്രവണത കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ പാടുപെടുന്ന സാഹചര്യമാണിവിടെ ഉള്ളത്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന 20 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം ഇതുവരെ ഇവിടെ ജീവനൊടുക്കിയതായി അധികൃതര്‍ പറയുന്നു. ഇത് ഇതുവരെയുള്ള കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. കഴിഞ്ഞ വര്‍ഷം ഇത് 15 ആയിരുന്നു.

കടുത്ത ഷെഡ്യൂളുകള്‍, അണുവിട തെറ്റാതെയുള്ള മത്സരം, മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുള്ള സമ്മര്‍ദം, മാതാപിതാക്കളുടെ പ്രതീക്ഷകള്‍ നല്‍കുന്ന അമിതഭാരം, വീടുവിട്ട് നില്‍ക്കുന്നതിനുള്ള മനോവിഷമം എന്നിവയ്‌ക്കൊപ്പം പരസ്പരം സംസാരിക്കാന്‍ മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പരിശീലനത്തിനായി വിദ്യാര്‍ഥികള്‍ ഇവിടെ എത്തുമ്പോള്‍ സൗഹൃദമുണ്ടാക്കുന്നതില്‍ നിന്ന് അവരെ മാതാപിതാക്കള്‍ തടയുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികളുടെ പഠനത്തെ അത് ബാധിക്കുമെന്ന് കണ്ടെത്തിയാണ് അവര്‍ അത്തരത്തില്‍ ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

സൗഹൃദമെന്ന ആശയമേ ഇവിടെയില്ല. ഇവിടെ മത്സരാര്‍ഥികള്‍ മാത്രമാണുള്ളത്. നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന ഓരോ വിദ്യാര്‍ഥിയും നിങ്ങളുമായി മത്സരിക്കാനാണ് ശ്രമിക്കുക. സ്‌കൂളുകളിലെയോ കോളേജുകളിലെയോ പോലെ ആരും തമ്മിൽ സൗഹൃദമില്ല. കാരണം, എല്ലാവരും മറ്റുള്ളവരെ കാണുന്നത് തങ്ങള്‍ക്കൊരു ഭീഷണി പോലെയാണ്-മധ്യപ്രദേശില്‍ നിന്നുള്ള നീറ്റ് ഉദ്യോഗാര്‍ഥി റിഥിമ സ്വാമി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഒരാള്‍ ട്രെഡ്മില്ലില്‍ കയറിയതു പോലെയുള്ള ഫീല്‍ ആണ് കോട്ടയില്‍ അനുഭവിക്കാന്‍ കഴിയുകയെന്ന് ഒഡീഷയില്‍ നിന്നുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍(ജെഇഇ) ഉദ്യോഗാര്‍ഥി മന്‍സി സിങ് പറഞ്ഞു. ഇത് ട്രെഡ്മില്ലിലെ ഓട്ടം പോലെയാണ്. നിങ്ങളുടെ മുമ്പില്‍ രണ്ട് വഴികളാണ് ഉള്ളത്, ഒന്നുകില്‍ അത് മതിയാക്കി ഇറങ്ങുക, അല്ലെങ്കില്‍ ഓട്ടം തുടരുക. നിങ്ങള്‍ക്ക് ഒരു ഇടവേളയെടുക്കാന്‍ സാധിക്കുകയില്ല. വേഗത കുറയ്ക്കാനും കഴിയില്ല. ഓടിക്കൊണ്ടേയിരിക്കണം, മന്‍സി കൂട്ടിച്ചേര്‍ത്തു.

പഠിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും വെറുതെ പാഴാക്കുകയാണെന്ന് തോന്നും. അത് വിദ്യാര്‍ഥികള്‍ക്കിടയില്‍ കുറ്റബോധമുണ്ടാക്കുകയും അത് ആത്യന്തികമായി പ്രകടനത്തെ ബാധിക്കുകയും കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.

ഇവിടെയുള്ള വിദ്യാര്‍ഥികള്‍ തങ്ങളുടെ ഒപ്പം പഠിക്കുന്ന വിദ്യാര്‍ഥികളോട് തുറന്നു സംസാരിക്കുകയോ അല്ലെങ്കില്‍ അവരോട് സഹാനുഭൂതി കാണിക്കുകയോ ചെയ്യുന്നില്ലെന്ന് ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ദിനേഷ് ശര്‍മ പറയുന്നു. കൂട്ടുകെട്ടില്‍പ്പെട്ട് സമയം കളയരുതെന്നാണ് ഇവിടെ കുട്ടികളെ കൊണ്ടുവിടുമ്പോള്‍ ആദ്യം തന്നെ മാതാപിതാക്കള്‍ അവര്‍ക്ക് നല്‍കുന്ന ഉപദേശം. മാതാപിതാക്കള്‍ സൗഹൃദങ്ങള്‍ മോശമായി കാണുമ്പോള്‍ കുട്ടികള്‍ക്കും അതില്‍ പന്തികേട് തോന്നുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ കോച്ചിങ്ങിനും കൗണ്‍സിലറെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, മാതാപിതാക്കളെ അറിയിക്കുമോ എന്ന ഭയം കാരണം ഒരാള്‍ പോലും തുറന്ന് സംസാരിക്കാന്‍ താത്പര്യപ്പെടാറില്ല. സുഹൃത്തുക്കള്‍ക്ക് ശരിക്കും സഹായിക്കാന്‍ കഴിയും. എന്നാല്‍, സൗഹൃദങ്ങളെപ്പോലും ഇവിടെ നല്ലരീതിയില്‍ അല്ല കാണുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മര്‍ദത്തിന് അടിമപ്പെടുമ്പോള്‍ ഓരോ വിദ്യാര്‍ഥിയും ചില ലക്ഷണങ്ങള്‍ കാണിക്കും. മാതാപിതാക്കള്‍ ദൂരത്തായിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കായിരിക്കും അത് തിരിച്ചറിയാന്‍ കഴിയുകയെന്ന് കോട്ടാ അഡീഷണല്‍ എസ്പി ചന്ദ്രശീല്‍ ഥാക്കൂറിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടി ദിനേഷ് ശര്‍മ പറഞ്ഞു.

തിങ്കള്‍ മുതല്‍ ശനി വരെ നീളുന്ന, ഒരു ദിവസം എട്ട് മണിക്കൂര്‍ നേരത്തെ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇവിടുത്തെ ഷെഡ്യൂള്‍. വളരെ ചെറിയ ഇടവേളയാണ് ഇതിനിടയില്‍ ലഭിക്കുക. ചിലപ്പോള്‍ ഞായറാഴ്ചകളിലും ക്ലാസുകള്‍ കാണും. ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ഇന്റേണല്‍ പരീക്ഷകളും ഏറ്റവും അവസാനത്തെ ഞായറാഴ്ച ഒരു പ്രധാന പരീക്ഷയും കാണും.

വിദ്യാര്‍ഥികള്‍ക്കിടയിലെ ജീവനൊടുക്കുന്ന പ്രവണത തടയുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമിതി രൂപവത്കരിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് കഴിഞ്ഞയാഴ്ച അധികൃതരോട് നിര്‍ദേശിച്ചിരുന്നു. മാതാപിതാക്കളും കോച്ചിങ് സെന്ററുകളും ഡോക്ടര്‍മാരും ഈ സമിതിയില്‍ അംഗങ്ങളായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.

Comments
Spread the News
Exit mobile version