Site icon Ananthapuri Express

പുന്നപ്ര- വയലാര്‍ രക്തസാക്ഷി അനുസ്മരണ വേദികളില്‍ പ്രധാന നേതാക്കളെത്തിയില്ല; സിപിഐഎമ്മില്‍ അമര്‍ഷം

77ാമത് പുന്നപ്ര-വയലാര്‍ രക്തസാക്ഷി അനുസ്മരണ പരിപാടികളില്‍ നിന്ന് പ്രമുഖ നേതാക്കള്‍ വിട്ടുനിന്നതിനെ ചൊല്ലി ആലപ്പുഴയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം. ഒരാഴ്ച നീണ്ട രക്തസാക്ഷി വാരാചരണ പരിപാടികളില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഒഴികെ മറ്റ് പി ബി അംഗങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ല. വിഷയത്തില്‍ പരസ്യമായി പ്രതിഷേധം പ്രകടിപ്പിക്കുന്നില്ലെങ്കിലും പാര്‍ട്ടി കമ്മിറ്റികളില്‍ അമര്‍ഷം രേഖപ്പെടുത്താനാണ് ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും തീരുമാനിച്ചിരിക്കുന്നത് .

പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ കൊടുത്തവരുടെ സ്മരണകള്‍ പുതുക്കാന്‍ മുന്‍പ് പ്രമുഖ നേതാക്കള്‍ എത്തിയിരുന്നു. വിഭാഗീയത കൊടികുത്തി നിന്ന കാലത്തും പുന്നപ്രയിലും വയലാറിലും പിണറായി വിജയനും വിഎസ് അച്യുതാനന്ദനും വേദി പങ്കിട്ടു. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് വി.എസ് പരിപാടികളില്‍ പങ്കെടുക്കാതായി. രണ്ട് വര്‍ഷമായി മുഖ്യമന്ത്രി പിണറായി വിജയനും പുന്നപ്ര-വയലാര്‍ വേദികളിലെത്തിയിട്ടില്ല. ഇത്തവണ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഒഴികെയുള്ള പി ബി അംഗങ്ങളും ആലപ്പുഴയില്‍ എത്താതിരുന്നതോടെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ശക്തമാകുന്നത്.

ജില്ലയ്ക്ക് പുറത്തുള്ള നേതാക്കളില്‍ വി എന്‍ വാസവന്‍, പി രാജീവ്, പുത്തലത്ത് ദിനേശന്‍, എം സ്വരാജ് തുടങ്ങിയവരാണ് ആലപ്പുഴയിലെ പരിപാടികളില്‍ പങ്കെടുത്തത്. ഡല്‍ഹിയില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന്റെ പേരിലാണ് മുഖ്യമന്ത്രിയടക്കമുള്ള പിബി അംഗങ്ങള്‍ വിട്ടുനിന്നതെന്ന് പറയുമ്പോഴും പ്രമുഖരുടെ അഭാവത്തെ ചൊല്ലി പ്രതിഷേധം ഉയരുന്നുണ്ട്. ബ്രാഞ്ച് കമ്മിറ്റികള്‍ മുതല്‍ വിഷയം ചര്‍ച്ച ചെയ്യാനും നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനും ആണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ വിഭാഗീയതയിലുള്ള എതിര്‍പ്പ് മൂലമാണ് പ്രധാന നേതാക്കള്‍ വിട്ടു നിന്നതെന്നാണ് മറ്റൊരു വിഭാഗം അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം.

Comments
Spread the News
Exit mobile version