Site icon Ananthapuri Express

ഇന്നലെകളേ… ഇതാ ആനിയുടെ റിവഞ്ച്

കുഞ്ഞിനെ പോറ്റാൻ 10 വർഷം മുമ്പ്‌ ഐസ്‌ക്രീമും നാരങ്ങാവെള്ളവും വിറ്റ വർക്കലയിൽ എസ്‌ഐയായി തിരിച്ചു വന്ന ആനി ശിവയുടെ സേവനം ഇനി കൊച്ചിയിൽ‌. ജൂൺ 18ന്‌ അവർ ആവശ്യപ്പെട്ടത്‌ പ്രകാരമാണ്‌‌ സ്ഥലംമാറ്റം‌. വർക്കലയിൽ എസ്‌ഐ ആയി എത്തിയ വിവരം സോഷ്യൽ മീഡിയയിൽ കുറിച്ചതോടെയാണ്‌ എസ്‌ പി ആനി എന്ന ആനി ശിവ ജനങ്ങൾക്ക്‌ സുപരിചിതയായത്‌. സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റാണ്‌ ആനിയുടെ ജീവിതത്തിൽ നടന്നത്‌.
എസ്‌ഐ വേഷത്തിൽ വണ്ടിക്കരികെ നിൽക്കുന്ന പടത്തിനൊപ്പം ആനി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു, ‘ഇതിലും വലുതായി എനിക്ക്‌ എങ്ങനെയാണ്‌ എന്റെ ഇന്നലെകളോട്‌ റിവഞ്ച്‌ ചെയ്യാനാകുക.’ കണ്ണീര്‌ വീണിടത്ത്‌ കാലുറച്ചുനിന്ന്‌ പൊരുതി നേടിയ പെണ്ണിന്റെ നിശ്ചയദാർഢ്യമുള്ള വാക്കുകൾ.
ഡിഗ്രിക്ക്‌ പഠിക്കുമ്പോൾ നടന്ന പ്രണയവിവാഹം മൂന്നാം വർഷമായപ്പോഴേക്കും പിരിഞ്ഞു. 19 –-ാം വയസ്സിൽ എട്ടുമാസമുള്ള കൈക്കുഞ്ഞുമായി ജീവിതത്തോട്‌ പൊരുതി തുടങ്ങിയതാണ്‌ ആനി. സ്വന്തം ഇഷ്‌ട പ്രകാരം വിവാഹം കഴിച്ച മകളെ തിരികെ സ്വീകരിക്കാൻ വീട്ടുകാരുണ്ടായില്ല.
വെല്ലുവിളികൾക്കിടയിലും സോഷ്യോളജി ഡിഗ്രി എഴുതിയെടുത്തു. വിദൂരപഠനത്തിലൂടെ എംഎയും സമ്പാദിച്ചു. അമ്മൂമ്മയോടൊപ്പം താമസിച്ചു. ഇതിനിടയിൽ കറി പൗഡർ കമ്പനിയിൽ സെയിൽസ്‌ ഗേളായി, ഓൺലൈൻ ബിസിനസ്‌ നടത്തി, ഡാറ്റാ എൻട്രി തൊഴിലെടുത്തു. ആവുന്ന എല്ലാ തൊഴിലുമെടുത്ത്‌ ആനി മകൻ ‘ചൂയിക്കുട്ടനെ’ (ശിവസൂര്യയെ) പോറ്റി. സാമ്പത്തിക ഭദ്രതയില്ലാത്തതിനാൽ സുഹൃത്താണ്‌ 2014ൽ എസ്‌ഐ പരീക്ഷ എഴുതാൻ നിർബന്ധിച്ചത്‌. കോച്ചിങ്ങും ഒന്നരമാസത്തിനിടെ ദിവസവും 20 മണിക്കൂർ പഠിച്ചതും ഫലം കണ്ടു. സെലക്ഷൻ കിട്ടി. എന്നാൽ ആദ്യം ജോലിക്ക്‌ വിളിച്ചത്‌ 2016ൽ എഴുതിയ കോൺസ്റ്റബിൾ തസ്‌തികയിലേക്ക്‌. 2019ഓടെ എസ്‌ഐ ലിസ്റ്റിന്‌ അംഗീകാരം ലഭിച്ചു. ട്രെയിനിങ്‌ പൂർത്തിയാക്കി ജൂൺ 25ന്‌ വർക്കല സ്‌റ്റേഷനിൽ എസ്‌ഐയായി ചുമതലയേറ്റെടുത്തു.‘ എത്ര ആൾക്കാർ തോൽപ്പിച്ചുവെന്ന്‌ പറഞ്ഞാലും നമ്മൾ തോറ്റെന്ന്‌ സമ്മതിക്കുന്നത്‌ വരെ അത്‌ തോൽവിയാകില്ല. വീട്‌ കിട്ടാതെ രണ്ട്‌ ദിവസം തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ കിടന്നുറങ്ങിയിട്ടുണ്ട്‌. അതോർത്ത്‌ കരഞ്ഞിരുന്നെങ്കിൽ എങ്ങുമെത്തില്ലായിരുന്നു. തളർന്ന്‌ വീഴുന്നത്‌ എവിടെയാണോ അവിടെനിന്ന്‌ കുതിച്ചു മുന്നേറാൻ സ്‌ത്രീകൾ ശ്രമിക്കണം’– ആനി പറയുന്നു.
Comments
Spread the News
Exit mobile version