സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ മെയിൽ ഫൂട്ടറിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമടങ്ങിയ സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യത്തിന്റെ ചിത്രം നീക്കം ചെയ്തു. ഒരു ഇ മെയിൽ അയക്കുമ്പോൾ അതിന്റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടർ.സുപ്രീം കോടതിയുടെ ഫൂട്ടറിൽ മോദിയുടെ ചിത്രവും സർക്കാറിന്റെ പരസ്യവാചകവുമായിരുന്നു ഉണ്ടായിരുന്നത്.സുപ്രീം കോടതിയുടെ ഡിജിറ്റൽ വിഭാഗം കൈകാര്യം ചെയ്യുന്നത് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ആണ്. സുപ്രീം കോടതിയുടെ ഔദ്യോഗിക മെയിലിലെ ഫൂട്ടർ ഇതാണെന്ന് മനസിലാക്കിയ രജിസ്ട്രാർ ആണ് ഇത് നീക്കം ചെയ്യാൻ എൻ ഐ സിക്ക് നിർദ്ദേശം നല്കിയത്.നേരത്തെ ഇത് സംബന്ധിച്ച് വാർത്ത വന്നതിനെ തുടർന്ന് സുപ്രീം കോടതി ഈ ഫൂട്ടർ നീക്കം ചെയ്യാൻ നിർദേശം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാഷണൽ ഇൻഫോ മാറ്റിക്സ് സെന്റർ നടപടി എടുത്തത്. മോദിയുടെ ചിത്രത്തിന് പകരം ഇമെയിൽ ഫൂട്ടറിൽ സുപ്രീം കോടതിയുടെ ചിത്രമാണ് പുതുതായി ചേർത്തിരിക്കുന്നത്.