Site icon Ananthapuri Express

ശബരീനാഥൻ എംഎൽഎ അപമാനം:‌ യൂത്ത്‌ ലീഗ്‌

തിരുവനന്തപുരം: അരുവിക്കരയിലെ രാഷ്‌ട്രീയത്തെ മലീമസമാക്കുന്ന കെ എസ് ശബരീനാഥൻ എംഎൽഎ സാധാരണ പ്രവർത്തകരുടെ ചോര ഊറ്റിക്കുടിച്ച് വീർത്ത കുളയട്ടയാണെന്ന്‌ യൂത്ത്‌ലീഗ്‌. മണ്ഡലത്തിന്റെ അപമാനമായി മാറിയ ഇദ്ദേഹത്തെ മാറ്റിനിർത്താൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണമെന്നും യൂത്ത് ലീഗ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വെള്ളിമൂങ്ങ സിനിമയിലെ മണിമല മാമച്ചനെപ്പോലെ അഭിനയിച്ച്‌ തകർക്കുന്നയാളായ ശബരീനാഥൻ ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ രവി പത്മനാഭനെപ്പോലെ വ്യാജനാണെന്നും പ്രമേയം കുറ്റപ്പെടുത്തി. സാമൂഹ്യമാധ്യമങ്ങളിൽ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നവരെ പോലും ശത്രുപക്ഷത്ത്‌ നിർത്തി ഇല്ലാതാക്കുന്ന ഏകാധിപത്യ ശൈലിയാണ്‌ എംഎൽഎയുടേത്‌.
വിവിധ രാഷ്‌ട്രീയകക്ഷികൾ സമാധാനപരമായി പ്രവർത്തിക്കുന്ന നാട്ടിൽ വർഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ശബരീനാഥൻ കോൺഗ്രസിന് ചേർന്നയാളാണോ എന്ന്‌ നേതൃത്വം പരിശോധിക്കണം.
ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി എന്തെങ്കിലും ചെയ്യാൻ തയ്യാറായിട്ടുണ്ടോ എന്ന്‌ എംഎൽഎ ആത്മപരിശോധന നടത്തണം. ജനങ്ങൾക്കൊപ്പംനിന്ന്‌ പ്രവർത്തിക്കുന്ന പ്രതിനിധിയെയാണ്‌ അരുവിക്കരയ്‌ക്ക്‌ ആവശ്യം. യുഡിഎഫ്‌ സംവിധാനത്തെ തകർത്ത ശബരീനാഥൻ കോർപറേറ്റ്‌ ഉൽപ്പന്നമാണെന്ന്‌ കാലം വിലയിരുത്തും. അച്ഛൻ ആനപ്പുറത്ത്‌ കയറിയതിന്റെ തഴമ്പു പറഞ്ഞാൽ വോട്ടുകിട്ടുന്ന കാലം കഴിഞ്ഞു. പിന്തുടർച്ചവകാശിയെ വാഴിക്കാൻ കോൺഗ്രസ് ഇനിയും തീരുമാനിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രമേയത്തിൽ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഘടകകക്ഷിയായ മുസ്ലിംലീഗിനെ പരിഗണിക്കാതെ പൂവച്ചൽ പഞ്ചായത്തിൽ മുഴുവൻ കോൺഗ്രസ് സ്ഥാനാർഥികളെ മത്സരിപ്പിച്ച ശബരീനാഥന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഉയർന്നിരിക്കുന്നത്.

Comments
Spread the News
Exit mobile version