Site icon Ananthapuri Express

ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം

നരുവാമൂട് അമ്മാനൂർകോണത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം. അമ്മാനൂർകോണം വികെ സിയോണിൽ റിട്ട. എസ്ഐയായ വിജയൻ (ബാബു) നടത്തുന്ന തടി ഫർണിച്ചറുകൾ നിർമിക്കുന്ന ഗോഡൗണിനാണ്‌ തീപിടിച്ചത്‌. ഞായർ പകൽ രണ്ടിനാണ്‌ സംഭവം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. വിജയന്റെ വീടിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്താണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. അയൽവാസികളാണ് തീ ആളി പടരുന്നത് ആദ്യം കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ആദ്യം നെയ്യാറ്റിൻകര, കാട്ടാക്കട ഫയർ സ്റ്റേഷനുകളിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് വിഴിഞ്ഞം, രാജാജി നഗർ, ചാക്ക സ്റ്റേഷനുകളിൽനിന്നായി 10 യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇത്‌ കൂടാതെ സമീപ പ്രദേശങ്ങളിലെ കുളങ്ങളിൽനിന്നും പാറമടകളിൽനിന്നും വെള്ളമെത്തിച്ചാണ് രാത്രി വൈകി തീ അണച്ചത്. വിൽപ്പനയ്ക്കായി വൻതോതിൽ ശേഖരിച്ചിരുന്ന പഴയ തടി ഉരുപ്പടികൾ തീ ആളിപ്പടരാൻ കാരണമായി. ഗോഡൗണിന് സമീപമുണ്ടായിരുന്ന തൊഴുത്തും പൂർണമായി കത്തിനശിച്ചു. തീ പടർന്നു തുടങ്ങിയപ്പോൾത്തന്നെ പശുക്കളെ മാറ്റിയത് വൻ അപകടം ഒഴിവാക്കി. പത്തോളം തെങ്ങുകളും വൻ മരങ്ങളും കത്തിനശിച്ചു. തേക്കും ഈട്ടിയും ഉൾപ്പെടെയുള്ള തടി ഉരുപ്പടികളാണ് കത്തി നശിച്ചതെന്നും രണ്ടര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായും ഉടമ പറഞ്ഞു. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. പഴയ തടികൾ തകരഷീറ്റ് കൊണ്ടുള്ള ഷെഡിൽ സൂക്ഷിച്ചിരുന്നത് ചൂടുകാരണം തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Comments
Spread the News
Exit mobile version