Site icon Ananthapuri Express

ഒന്നാംഘട്ട ടാറിങ് 
4 ദിവസത്തില്‍

തലസ്ഥാനത്ത് സ്മാർട്ട് റോഡായി വികസിക്കുന്ന സ്റ്റാച്യു- -–- ജനറൽ ആശുപത്രി റോഡിന്റെ ഒന്നാംഘട്ട ടാറിങ് ഈ ആഴ്ച പൂർത്തിയാകും. ടാറിങ്ങിന് മുന്നോടിയായി റോഡ് ഫോർമേഷൻ പ്രവൃത്തി ആരംഭിച്ചു. സ്റ്റാച്യു ജങ്ഷനിൽനിന്ന്‌ മെറ്റൽ വിരിച്ച് റോഡ് നിരപ്പാക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. രാത്രിയും പകലുമായി പ്രവൃത്തി നടത്തി രണ്ട് ദിവസത്തിനകം റോഡ് സജ്ജമാക്കും. കേബിളുകൾ ഡക്ടുകളിലൂടെ കടത്തിവിടുന്ന പ്രവൃത്തിയും വാട്ടർ അതോറിറ്റി ലൈനുകൾ ക്രമീകരിക്കുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. ഇവ പൂർത്തിയാകുന്ന ഇടങ്ങളിൽ ഉടൻതന്നെ മെറ്റൽ വിരിക്കും. ശനിയാഴ്ചക്കകം റോഡ് ഗതാഗത സജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്ന് കെആർഎഫ്ബി അധികൃതർ പറഞ്ഞു. ഏപ്രിൽ ആദ്യവാരത്തിൽ റോഡുകൾ ഗതാഗത യോഗ്യമാക്കും. മഴക്കാലത്തിന് മുമ്പ് തലസ്ഥാനത്തെ റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്താനാണ് റോഡുകളിൽ ഒന്നിച്ച് പ്രവൃത്തി നടത്തുന്നതിന് തീരുമാനിച്ചത്. ഇതിൽ 25 റോ‍ഡുകൾ ഉപരിതലം ഉൾപ്പെടെ നവീകരിച്ച് ഗതാഗതയോഗ്യമാക്കി. രണ്ട് റോഡുകൾ സ്മാർട്ടാക്കി മാറ്റി. രണ്ട് റോഡിന്റെ ആദ്യഘട്ട ടാറിങ് പൂർത്തിയാക്കി തുറന്നുനൽകി. മറ്റ് റോഡുകളും മഴക്കാലത്തിന് മുമ്പ്‌ തന്നെ നവീകരിക്കും. റോഡിന്റെ പ്രവർത്തന പുരോ​ഗതി വിലയിരുത്താൻ പ്രത്യേക ദൗത്യസംഘം പ്രവർത്തിക്കുന്നുണ്ട്. മന്ത്രി പി എ മു​ഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് സംഘത്തെ രൂപീകരിച്ചത്. മുൻകൂട്ടി അറിയിക്കാതെ റോഡുകളിലെത്തി പ്രവർത്തനം പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുകയാണ് ഇവർ‌ ചെയ്യുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട റോഡായ സ്റ്റാച്യു- –- ജനറൽ ആശുപത്രി റോഡിന്റെ അസൗകര്യങ്ങൾ കാരണം റോഡ് നവീകരിക്കണമെന്ന് വ്യാപാരികളടക്കമുള്ള പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മന്ത്രിയുടെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് സ്മാർട്ട് സിറ്റി പദ്ധതിയിലെ റോഡുകളുടെ നവീകരണം സാധ്യമാക്കിയത്.

Comments
Spread the News
Exit mobile version