Site icon Ananthapuri Express

തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി; സ്വര്‍ണം ബലമായി കവര്‍ന്നു: അനുവിന്റെ കൊലപാതകം മോഷണശ്രമത്തിനിടെ

കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കൊണ്ടോട്ടി മുജീബ് അറസ്റ്റില്‍. ഇയാള്‍ 55 ഓളം മോഷണകേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതി യുവതിയെ നിഷ്ഠൂരമായിട്ടാണ് കൊലപ്പെടുത്തിയത്. മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് പ്രതി കൊലപാതകം നടത്തുന്നത്.മോഷ്ടിച്ച ബൈക്കുമായി 11ാം തീയതി കൊണ്ടോട്ടിയിലെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി പേരാമ്പ്ര വാളൂരിന് സമീപസ്ഥലത്ത് നിന്നും കൊല്ലപ്പെട്ട അനുവിനെ കാണുന്നത്. അനുവിന് പോകേണ്ട സ്‌റ്റോപ്പിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പ്രതി വാഗ്ദാനം നല്‍കി.

അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിന്റെ തിടുക്കത്തിലായിരുന്ന യുവതി അപരിചിതനായ പ്രതിക്കൊപ്പം ബൈക്കില്‍ കയറുകയായിരുന്നു.യാത്ര തുടരുന്നതിനിടെ മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പ്രതി ബൈക്ക് നിര്‍ത്തി. വിജനമായ സ്ഥലമെത്തിയെന്ന് മനസ്സിലാക്കിയ പ്രതി സമീപത്തെ തോടിനരികിലേക്ക് യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചു.

എതിര്‍ത്ത യുവതിയുടെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി. മുഴുവന്‍ ആഭരണങ്ങളും അഴിച്ചെടുത്തശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

Comments
Spread the News
Exit mobile version