Site icon Ananthapuri Express

സ്കൂട്ടറിൽ നായയെ കെട്ടിവലിച്ചയാൾ കസ്റ്റഡിയിൽ;

സ്കൂട്ടറിൽ നായയെ കെട്ടിവലിച്ച് കൊണ്ടുപോയ ഉടമയെ കസ്റ്റഡിയിലെടുത്തു. പനങ്ങോട് സൗഗന്ധികത്തിൽ അനിൽ കുമാറിനെയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. അനിൽകുമാറിന്റെ നാടൻ ഇനത്തിലുള്ള വളർത്തു നായ അർജുനെ നാല് മാസം മുമ്പ് കാണാതായിരുന്നു. സ്കൂട്ടർ യാത്രയ്ക്കിടെ ഇന്നലെ മുട്ടയ്ക്കാട് ചിറയിൽ ഭാഗത്ത് വച്ച് നായയെ കണ്ടെത്തി. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് വാഹനം കൊണ്ടുവരാൻ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാഹനം വരുന്നതുവരെ കാത്തു നിൽക്കാതെ അനിൽ സമീപത്തു നിന്ന് കയർ വാങ്ങി നായയെ കെട്ടിയ ശേഷം സ്കൂട്ടറുമായി ബന്ധിപ്പിച്ച് ഓടിച്ചു പോകുകയായിരുന്നു.

ഇയാളുടെ വാഹനത്തിന് പുറകെ എത്തിയ വ്യക്തി വീഡിയോ പകർത്തി പൊലീസിൽ വിവരം നൽകുകയായിരുന്നു. വിഴിഞ്ഞം പൊലീസ് വീട്ടിലെത്തി ഉടമയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നായയെ പരിശോധിച്ചതിൽ മറ്റ് മുറിവുകൾ ഒന്നും കാണാനില്ല. മറ്റു കുഴപ്പങ്ങളില്ലെന്ന് ഉറപ്പിക്കാൻ വെറ്ററിനറി ഡോക്ടറെയും കാണിച്ചു.

നായയെ ഉപദ്രവിക്കാൻ ശ്രമിച്ചത് അല്ലെന്നും രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുകയാണ് ചെയ്തതെന്നും അനിൽകുമാർ പറഞ്ഞു. കാണാതായ സ്വന്തം നായയെ കിട്ടിയപ്പോൾ വേഗം വീട്ടിൽ എത്തിക്കാനാണ് അങ്ങനെ ചെയ്തത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സുഖമില്ലാത്ത ഭാര്യക്കും തനിക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ ആകാത്ത അവസ്ഥയാണെന്നും മാനസികമായി തളർന്നിരിക്കുകയാണെന്നും അനിൽകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

Comments
Spread the News
Exit mobile version