Site icon Ananthapuri Express

‘യൂത്ത് കോണ്‍ഗ്രസിന്റേത് ആത്മഹത്യാ സ്‌ക്വാഡ്, രക്ഷിച്ച ഇടതുപ്രവര്‍ത്തകര്‍ മാതൃക’: എം വി ഗോവിന്ദന്‍

നവ കേരള സദസ്സിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യാ സ്‌ക്വാഡെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവരെ രക്ഷിക്കുകയാണ് ഇടതുപ്രവര്‍ത്തകര്‍ ചെയതതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.

‘മുഖ്യമന്ത്രിയുടേത് കലാപാഹ്വാനമല്ല. കരുതിയിരിക്കണമെന്നും ജാഗ്രത വേണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ആത്മസംയമനത്തോടെ കാര്യങ്ങള്‍ നീക്കണം. പ്രകോപനത്തില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പ്രവര്‍ത്തകരെ ചാവേറാക്കുകയാണ് ചെയ്തത്. മൂന്നോ നാലോ പേരെ പ്രതിഷേധത്തിലുണ്ടായിരുന്നുള്ളൂ. അവര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടുകയായിരുന്നു. ചാടിയിട്ട് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ യാത്രയുടെ അവസ്ഥ എന്താകുമായിരുന്നു. ആത്മഹത്യാ സ്‌ക്വാഡായിരുന്നു അവര്‍. അവരെ പിടിച്ചുമാറ്റുകയാണ് ചെയ്തത്. മാതൃകാപരമായിരുന്നു അത്. എന്നാല്‍ പ്രതിഷേധക്കാര്‍ അതിന് വിധേയപ്പെട്ടില്ല. അത് പ്രശ്‌നമാണ്. ബോധപൂര്‍വ്വമുള്ള പ്രകോപനമായിരുന്നു അത്.’ എം വി ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാര്‍ സിപിഐഎമ്മിന്റെയോ സിപിഐയുടെയോ മാത്രമല്ല. കേരളത്തിന്റെ സര്‍ക്കാരാണ്. സര്‍ക്കാര്‍ പര്യടനം നടത്തുമ്പോള്‍ പ്രതിപക്ഷവും ഇതിന്റെ ഭാഗമാവണമായിരുന്നു. പല യുഡിഎഫ് നേതാക്കളും നവകേരളസദസിന്റെ ഭാഗമാവുമെന്നും സിപിഐഎം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേതാക്കളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തകരാവും റാലിക്കെത്തുക. ലീഗ് ശക്തികേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാവും. കാത്തിരുന്നോളൂവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പത്രസമ്മേളനങ്ങളും പ്രസ്താവനകളും ശരീര ഭാഷയുമെല്ലാം പ്രത്യേക തരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിന്റെ പിന്നില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായി ജനങ്ങള്‍ക്കിടയില്‍ പുക മറ സൃഷ്ടിച്ച് അപമാനിക്കുകയെന്നതാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

പലസ്തീന്‍ വിഷയത്തിലും മുസ്ലീം ലീഗിന് യുഡിഎഫില്‍ അഭിപ്രായ വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പുമായി പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിക്ക് ബന്ധമില്ല. ഇതൊരു സാര്‍വ്വദേശീയ പ്രശ്‌നമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് കോണ്‍ഗ്രസിന് സിപിഐഎമ്മിനെ ക്ഷണിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദിച്ച എം വി ഗോവിന്ദന്‍ കോണ്‍ഗ്രസിന്റെ അഴകൊഴമ്പന്‍ നിലപാടിന്റെ ഭാഗമായി തങ്ങളെ ക്ഷണിക്കാന്‍ സാധ്യതയില്ലെന്നും പറഞ്ഞു. വിളിച്ചാല്‍ ഉറപ്പായും പോകും. ഞങ്ങള്‍ക്കിത് രാഷ്ട്രീയമല്ല. മനുഷ്യത്വത്തിന്റെ വിഷയമാണ്. കോണ്‍ഗ്രസ് നിലപാട് വന്നാല്‍ കൃത്യമായി നിലപാട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് കൃത്രിമമായി നിര്‍മ്മിച്ചെന്നത് അപമാനകരമാണെന്നും സിപിഐഎം അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഈ വിധം കൃത്രിമമായി അച്ചടിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും അവസരം കിട്ടിയെന്നത് അപകടകരമാണ്. എവിടെയാക്കെയാണ് ഉപയോഗിച്ചതെന്ന് അറിയില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടി ഈ വിധത്തിലുള്ള ഒരുക്കമാണ് നടക്കുന്നത്. കനഗോലു സംവിധാനത്തിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

2024 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റില്ലായെങ്കില്‍ 2025 ല്‍ ഹിന്ദുത്വ അജണ്ട പൂര്‍ത്തിയാക്കാം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികമാണ്. ഓരോ സംസ്ഥാനത്തേയും ഓരോ യൂണിറ്റായി എടുക്കണം. ബിജെപിക്കെതിരായ വോട്ട് ഛിന്നഭിന്നമാവാതെ നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments
Spread the News
Exit mobile version