കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് ചെയർമാൻ സ്ഥാനം നഷ്ടമായതിനെ തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒരു രാത്രി പിന്നിട്ടു. വിദ്യാർത്ഥി വിരുദ്ധ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയാണ് കെഎസ്‌യുവിന്റെ പോരാട്ടമെന്ന് ടി സിദ്ദിഖ് പറഞ്ഞു. ചെയർപേഴ്സൺ സ്ഥാനാർത്ഥി ശ്രീക്കുട്ടന് നീതി കിട്ടുന്നതുവരെ നിരാഹാരം തുടരുമെന്ന് അലോഷ്യസ് പറഞ്ഞു.
റീഇലക്ഷൻ നടത്താൻ എസ്എഫ്ഐയ്ക്ക് ധൈര്യമുണ്ടോ എന്ന് കെഎസ് യു വെല്ലുവിളിച്ചു. എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുക്കണം. റീലക്ഷൻ പ്രഖ്യാപിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് അലോഷ്യസ് പറഞ്ഞു. നിരാഹാര സമരത്തിന് കോൺഗ്രസ് പൂർണ പിന്തുണയറിയിച്ചു. ടി സിദ്ദിഖ് സമരവേദിയിലെത്തി അലോഷ്യസ് സേവ്യറെ കണ്ട് പിന്തുണയറിച്ചു.
കെ എസ് യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മാത്യു കുഴൽനാടൻ എംഎൽഎ കെ എസ് യു വിന് വേണ്ടി കോടതിയിൽ ഹാജരാകും. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമരപ്പന്തലിൽ എത്തും. എസ്എഫ്ഐ കോട്ടകൾ കെ എസ് യു പിടിച്ചെടുക്കുമെന്നും ഇത് പൊളിറ്റിക്കൽ ഷിഫ്റ്റാണെന്നും അലോഷ്യസ് പറഞ്ഞു.
ഒരു വോട്ടിന് കെ എസ് യു സ്ഥാനാർഥി എസ് ശ്രീക്കുട്ടൻ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരിൽ അട്ടിമറി നടത്തിയെന്നാണ് കെഎസ്‌യുവിന്റെ ആക്ഷേപം. തുല്യ വോട്ടുകൾ വന്നപ്പോൾ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്എഫ്ഐ വാദം. 11 വോട്ടിന് ചെയർമാൻ സ്ഥാനാർഥി കെഎസ് അനിരുദ്ധൻ ജയിച്ചതായും എസ്എഫ്ഐ പറഞ്ഞു.
എസ്എഫ്ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ക്യാമ്പസിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. 32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെഎസ്‌യു വിജയിച്ചത്. ക്യാമ്പസിലെ സംഘർഷ സാധ്യത മുൻനിർത്തി എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് കൗണ്ടിങ് അവസാനിച്ചത്. കൗണ്ടിങ് നിർത്തിവയ്ക്കാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിംഗ് ഓഫീസർ അതിന് തയ്യാറായിരുന്നില്ല. കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്എഫ്ഐ ഭീഷണിപ്പെടുത്തിയതായും കെഎസ്‌യു ആരോപിച്ചു.