Site icon Ananthapuri Express

‘ആണുങ്ങള്‍ ഇല്ലാത്തതിനാലാണോ ആണാകാന്‍ തൃശൂരില്‍ വരുന്നത്?’; മണിപ്പൂര്‍ മറക്കില്ലെന്ന് തൃശൂര്‍അതിരൂപത

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. ‘മറക്കില്ല മണിപ്പൂര്‍’ എന്ന തലക്കെട്ടില്‍ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്ക സഭ’യിലൂടെയാണ് വിമര്‍ശനം. മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനം മറക്കില്ല. ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്നും സുരേഷ് ഗോപിയെ അതിരൂപത വിമർശിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് മത തീവ്രവാദികള്‍ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ടെന്നും അതിരൂപത അഭിപ്രായപ്പെട്ടു.

‘അങ്ങ് മണിപ്പൂരിലും യുപിയിലും ഒന്നും നോക്കി ഇരിക്കരുത്. അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങളുണ്ട്.’ തൃശൂരിനെ എടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ബിജെപി നേതാവ് സിനിമാ ഡയലോഗ് പോലെ നടത്തിയ പ്രസ്താവന ഇതിന് തെളിവായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ ‘ആണത്തമുണ്ടോ’ എന്നാണ് ജനം തിരിച്ചു ചോദിക്കുന്നത്. അതല്ല, ഞങ്ങള്‍ മണിപ്പൂര്‍ ആവര്‍ത്തിച്ചുകൊണ്ടോയിരിക്കും, ഇവിടേയും വോട്ട് ചെയ്ത് ഞങ്ങളെ വിജയിപ്പിക്കുക, ഭരണം കിട്ടിയാല്‍ കേരളവും ഞങ്ങള്‍ മണിപ്പൂരാക്കി തരാം എന്നതാണോ ലക്ഷ്യമെന്നും ചോദിക്കുന്നവരുണ്ട്.’ തൃശൂര്‍ അതിരൂപത വിമര്‍ശിച്ചു.

ബിജെപിയുടെ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മറ്റ് പാര്‍ട്ടികള്‍. സ്വന്തം പാര്‍ട്ടിക്ക് തൃശൂരില്‍ പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടോണോ പ്രസ്താവനക്കാരന്‍ തൃശൂരില്‍ ആണാകാന്‍ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നേരത്തെ തന്നെ കൗതുകമുണര്‍ത്തിയിട്ടുണ്ടെന്നും അതിരൂപത പരിഹസിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും തൃശൂര്‍ അതിരൂപത പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയിട്ടില്ല. എന്തുകൊണ്ട് മൗനം പാലിച്ചുവെന്നത് ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാവും. ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും ഹിന്ദു വര്‍ഗീയ വാദികള്‍ അഴിഞ്ഞാടുമ്പോള്‍ ഈ മൗനം പ്രകടമാവുന്നുണ്ടെന്നും അതിരൂപത വിമര്‍ശിച്ചു.

Comments
Spread the News
Exit mobile version