Site icon Ananthapuri Express

അശ്ലീല സന്ദേശം ലഭിച്ചു, പരാതി നൽകി; ഒന്നും ചെയ്യാനാവില്ലെന്ന് സൈബർ പൊലീസ്; ആരോപണവുമായി പരാതിക്കാരി

Cyber crime

Torn pieces of paper with the word Cybercrime. Concept Image. Closeup.

അശ്ലീല സന്ദേശമയച്ച വ്യക്തിക്കെതിരെ പരാതി നൽകാനെത്തിയ പെൺകുട്ടിയോട് സൈബർ പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി. എറണാകുളം കാക്കനാട് സൈബർ പൊലീസിനെതിരെയാണ് പരാതി. അശ്ലീല സന്ദേശം ലഭിച്ച അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയല്ലാതെ മറ്റൊന്നും സാധിക്കില്ലെന്നും വേണമെങ്കിൽ കോടതിയിൽ പോകാൻ പറഞ്ഞെന്നും പെൺകുട്ടി ആരോപിക്കുന്നു.

മെയ് മാസം 28ന് രാവിലെയാണ് എന്റെ ഇൻസ്റ്റ​ഗ്രാം ‘അക്കൗണ്ടിലേക്ക് രണ്ട് ഫോട്ടോ വരുന്നത്. എന്റേത് പ്രൊഫഷണൽ അക്കൗണ്ടാണ്. അതിൽ ഞാനിട്ട രണ്ട് ഫോട്ടോകളെടുത്ത് മോർഫ് ചെയ്ത് വൾ​ഗർ ആക്കി തിരിച്ചയച്ചതാണ്. അത് കണ്ടപ്പോൾ തന്നെ നേരെ പൊലീസിനെ സമീപിക്കുകയാണ് ചെയ്തത്. അയച്ച ആളുടെ പ്രൊഫൈലിന്റെ വിവരങ്ങൾ‌ വച്ച് പരാതി കൊടുത്തു. മരട് സ്റ്റേഷനിലാണ് ആദ്യം പരാതി നൽകിയത്. അവരാണ് നേരെ സൈബർ പൊലീസിലേക്ക് പരാതി നൽകാൻ പറഞ്ഞത്. അവിടെ ചെന്നപ്പോൾ, നിങ്ങളെന്തിനാണ് മരട് പൊലീസിൽ പരാതി കൊടുത്തതെന്ന് ചോദിച്ച് വളരെ ധാർഷ്ട്യത്തോടെയാണ് പെരുമാറിയത്. പരാതി ഇവരെഴുതിയിട്ട് അലമാരയിൽ പൂട്ടിവച്ചിരിക്കുകയാണെന്നാണ് പറയുന്നത്’, പെൺകുട്ടി പറയുന്നു.

പരാതി നൽകി ഒന്നരമാസമായിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ വീണ്ടും പൊലീസിനെ സമീപിച്ചു. അപ്പോഴാണ്, ഒന്നും ചെയ്യാനാവില്ലെന്നും ഒരു മെസേജയച്ച് അശ്ലീല സന്ദേശമയച്ച അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ മാത്രമേ കഴിയൂ എന്നും സൈബർ പൊലീസ് പറഞ്ഞത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയല്ല, സന്ദേശം അയച്ച വ്യക്തിക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്ന് പെൺകുട്ടി പറഞ്ഞു. അങ്ങനെയൊന്നും ചെയ്യാൻ സൈബർ പൊലീസിന് കഴിയില്ലെന്നാണ് ലഭിച്ച മറുപടിയെന്നും പരാതിക്കാരി പറയുന്നു.

തനിക്ക് സന്ദേശം അയച്ചത് മലപ്പുറം സ്വദേശിയാണെന്ന് പെൺകുട്ടി സ്വയം നടത്തിയ അന്വേഷണത്തിൽ മനസിലായിരുന്നു. ഈ കാര്യങ്ങളൊക്കെ പൊലീസിനോട് പറഞ്ഞപ്പോൾ നിങ്ങൾക്ക് ദൈവഭാ​ഗ്യം കൊണ്ട് ഈ വിവരങ്ങളൊക്കെ കിട്ടി, ഞങ്ങൾക്ക് അതിനുപോലുമുള്ള സൗകര്യങ്ങളില്ല എന്ന് പൊലീസ് പറഞ്ഞെന്നും പരാതിക്കാരി ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് പൊലീസിന്റെ പ്രതികരണം തേടിയിരുന്നു. പരാതി അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥൻ അവധിയിലായതിനാൽ പ്രതികരിക്കാനാവില്ലെന്നാണ് പൊലീസ് മറുപടി നൽകിയത്.

Comments
Spread the News
Exit mobile version