Site icon Ananthapuri Express

ഒരു കോടി രൂപ ഉടൻ ട്രാൻസ്ഫർ ചെയ്യണമെന്ന് പൂനാവാലയുടെ വാട്സ്ആപ്പ് മെസേജ്

ലോകത്തിലെ തന്നെ മുൻനിര വാക്സിൻ നിർമാതാക്കളായ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർമാരിലൊരാളായ സതീഷ് ദേശ്പാണ്ഡെക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാല‍യുടെ വാട്സ്ആപ്പ് നമ്പറിൽ നിന്ന് സെപ്റ്റംബർ ഏഴിന് ഒരു സന്ദേശം വന്നു. ഏതാനും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ഉടൻ ട്രാൻസ്ഫർ ചെയ്യണമെന്ന് നിർദേശിച്ചുകൊണ്ടായിരുന്നു മെസേജ്. സി.ഇ.ഒയുടെ നിർദേശമല്ലേ, ഇടംവലം നോക്കാതെ ഡയറക്ടർ പറഞ്ഞ പണം ട്രാൻസ്ഫർ ചെയ്തു. സെപ്റ്റംബർ ഏഴിന് ഉച്ചക്ക് 1.35നും സെപ്റ്റംബർ എട്ടിന് ഉച്ചക്ക് 2.30നും ഇടയിൽ ഇങ്ങനെ ‘പൂനാവാല’യുടെ വാട്സ്ആപ്പ് മെസേജിലെ നിർദേശപ്രകാരം ഡയറക്ടർ ട്രാൻസ്ഫർ ചെയ്തത് ഒരു കോടി രൂപ. കൃത്യമായി പറഞ്ഞാൽ 1,01,01,554 രൂപ.

പണമയച്ചുകഴിഞ്ഞ ശേഷമാണ് ഇതിനെ കുറിച്ച് ഡയറക്ടർ വിശദമായി അന്വേഷിച്ചത്. എന്നാൽ, അദാർ പൂനാവാലയാകട്ടെ അങ്ങനെയൊരു മെസേജ് അയച്ചിട്ടുമില്ല, ആർക്കും പണം ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ചിട്ടുമില്ല. ഇതോടെ, വലിയ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാവുകയും സെറം ഇൻസ്റ്റിറ്റ്യൂട്ട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

വാട്സ്ആപ്പിലൂടെയും മെസ്സഞ്ചറിലൂടെയും മറ്റും വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് പോലെ വൻകിട സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ വാട്സ്ആപ്പ് വഴി കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ അപൂർവമാണ്.

പൂനാവാലയുടെ വാട്സാപ്പ് നമ്പറിൽ നിന്നാണ് ഡയറക്ടർ സതീഷ് ദേശ്പാണ്ഡെക്ക് പണമയക്കാനുള്ള സന്ദേശം വന്നതെന്ന് പൊലീസ് പറയുന്നു. ഒന്നിലേറെ അക്കൗണ്ടുകളിലേക്ക് പണം അയക്കാനായിരുന്നു നിർദേശം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

സന്ദേശം അയച്ചയാളെയും പണം സ്വീകരിച്ച അക്കൗണ്ടുകളുടെ ഉടമകളെയും കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസ്.

Comments
Spread the News
Exit mobile version