അധികാരത്തിന്റെ സുഖശീതളിമയില്‍ കഴിയുന്നവര്‍ ധാര്‍മ്മിക ബോധം മറക്കുന്നുവെന്ന് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ജനസംഘ സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപധ്യായയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട അനുസ്മരണ പോസ്റ്റിലാണ് എംടി രമേശ് ഇക്കാര്യം സൂചിപ്പിച്ചത്. ദീന്‍ ദയാല്‍ ഉപധ്യായ തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ ആഗ്രഹിക്കാതെയാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി നേതക്കളിലെ അധികാരം കയ്യാളുന്ന ചിലര്‍ ദീന്‍ ദയാല്‍ ഉപാധ്യായയെ പോലെ അര്‍പ്പണ ബോധത്തോടെ പെരുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കോഴ വിവാദവും തോല്‍വിയും പ്രതിരോധത്തിലാക്കിയ കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് എംടി രമേശിന്റെ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിന്റെ യാഥാര്‍ഥ രൂപം
‘ഭാരതീയ ജനതാപാര്‍ട്ടിയുടെ സംഘടനാ ശരീരവും ആദര്‍ശത്തിന്റെ ആത്മാവും ഒരു പോലെ കടപെട്ടിരിക്കുന്ന നേതാവാണ് ദീനദയാല്‍ ഉപാദ്ധ്യായ്.1951 ല്‍ ശ്യാമ പ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘം രൂപീകരിച്ച ശേഷം സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ദീനദയാല്‍ജി ജനസംഘ പ്രവര്‍ത്തനം തുടങ്ങുന്നത്,53 ല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും 67 ല്‍ കോഴിക്കോട്ടെ സമ്മേളനത്തില്‍ അഖിലേന്ത്യ അധ്യക്ഷനാവുകയും ചെയ്തു.ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ശ്രീ ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദര്‍ശനമാണ് എകാത്മാ മാനവ ദര്‍ശനം.ഗ്വാളിയാറില്‍ ചേര്‍ന്ന 500 പ്രവര്‍ത്തകരുടെ നാലുദിവസത്തെ ചിന്തന്‍ ശിബിരത്തിലാണ് ദീനദയാല്‍ തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. ഉദാത്തമായ ഈ ചിന്താധാരക്കനുസരിച്ച് ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കും മുമ്പ് 1968ല്‍ അദ്ദേഹം നമ്മെ വിട്ടു പോയി.ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്ന ദീനദയാല്‍ജിയുടെ ജീവിതം ഏതൊരു പൊതുപ്രവര്‍ത്തകനും മാതൃകയാണ്.1942-ല്‍ അദ്ദേഹം ലഖിംപൂര്‍ ജില്ലാ പ്രചാരകനായി സംഘടനാ പ്രവര്‍ത്തനം തുടങ്ങി. 1951-ല്‍ ഉത്തര്‍പ്രദേശ് സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവില്‍ പാഞ്ചജന്യ , സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്രീ ശ്യാമപ്രസാദ് മുഖര്‍ജി ഒരു ദേശീയ കക്ഷി ആരംഭിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. ആ യത്‌നത്തിലേക്ക് ദീനദയാല്‍, വാജ്‌പേയി തുടങ്ങിയ ചിലരെ സംഘം നിയോഗിക്കുകയായിരുന്നു. തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ അദ്ദേഹം പ്രവര്‍ത്തിച്ചു, അധികാരത്തിന്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറന്നു പോകുന്ന ധാര്‍മ്മിക ബോധം തിരിച്ചെടുക്കാന്‍ ദീനദയാല്‍ജിയുടെ ഓര്‍മ്മകള്‍ക്ക് സാധിക്കും.സംഘടനയും അതിന്റെ ആദര്‍ശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാന്‍ നാം ബാധ്യസ്ഥരാണ് താനും’..
അതേസമയം കേരളത്തില്‍ അധികാര സ്ഥാനങ്ങള്‍ ലഭിക്കാത്തവരാണ് മഹാഭൂരിപക്ഷമെന്ന് കെ സുരേന്ദ്രന്റെ പ്രതികരിച്ചു. ഏത് സാഹചര്യത്തിലാണ് എംടി രമേശിന്റെ പരമര്‍ശം എന്നറിയില്ല. കേരളത്തില്‍ അധികാരം ലഭിച്ച പ്രവര്‍ത്തകര്‍ വളരെ കുറവാണ് എന്നും അദ്ദേഹം മറുപടി പറഞ്ഞു.