Site icon Ananthapuri Express

“അഭിമാനത്തോടെ ഞാൻ പറയും, സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല”; ഡിവൈഎഫ്‌ഐ ക്യാമ്പയിൻ

സ്‌ത്രീധനം എന്ന ദുരാചാരത്തിനെതിരെ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ.  “അഭിമാനത്തോടെ ഞാൻ പറയും, സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല” എന്ന ക്യാമ്പയിനാണ്‌ സംസ്ഥാനത്ത്‌ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നത്‌. സംസ്ഥാന സെക്രട്ടറി എ എ റഹീം ആണ്‌ ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്‌.

നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും  ഈ ദുരാചാരം ഇപ്പോഴും പെൺകുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. അതിലേറെ പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായി. ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞുപോകരുത്. പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്. നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല, സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്. ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതിൽ അളന്നുതൂക്കിയ പണത്തിനോ ആർഭാടത്തിനോ യഥാർത്ഥത്തിൽ ഒരു സ്ഥാനവുമില്ല. സോഷ്യൽ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്? ആർഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പരബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര ജീവനാണ് അവസാനിപ്പിച്ചത്. സ്ത്രീധനം സൃഷ്ടിച്ച വലിയ ദുരന്തങ്ങളെക്കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാൽ എരിഞ്ഞുജീവിക്കുന്ന പെൺജീവിതങ്ങൾ, ഉരുകുന്ന രക്ഷകർത്താക്കൾ ഒട്ടേറെയാണ്. നമുക്കരികിൽ, നമ്മിൽ പലരുടെയും വീട്ടിൽ ഇതുപോലെ എത്രയോപേർ….ഇനി ഒരാൾ കൂടി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടില്ല എന്ന് നമുക്ക് തീരുമാനിക്കണം. രാഷ്ടീയ ഭേദമന്യേ മുഴുവൻ പേരോടും ഈ കാംപയിനിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു.

 

Comments
Spread the News
Exit mobile version