Site icon Ananthapuri Express

പത്തരമാറ്റിൽ മിന്നി കഴക്കൂട്ടം

കഴക്കൂട്ടത്തെ എൽഡിഎഫ്‌ വിജയത്തിന്‌ പത്തരമാറ്റ്‌ തിളക്കം. കടുത്ത വർഗീയ പ്രചാരണത്തെയും പണാധിപത്യത്തെയും തള്ളിയാണ് കഴക്കൂട്ടത്തുകാർ മതനിരപേക്ഷതയ്ക്ക്‌ വിജയം സമ്മാനിച്ചത്.
എൽഡിഎഫ്‌ സ്ഥാനാർഥിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും മത്സരിച്ചപ്പോൾ ഉത്തരേന്ത്യൻ മോഡൽ കടുത്ത വർഗീയ പ്രചാരണമാണ്‌ എൻഡിഎ സ്ഥാനാർഥി ശോഭാസുരേന്ദ്രനും ബിജെപിയും അഴിച്ചുവിട്ടത്‌. അതിന്‌ എരിവ്‌ പകരുന്ന നിലപാടായിരുന്നു യുഡിഎഫ്‌ സ്വീകരിച്ചത്‌. ഇതെല്ലാം കഴക്കൂട്ടത്തെ പ്രബുദ്ധരായ വോട്ടർമാർ തള്ളി. കടുത്ത മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ്‌ കഴക്കൂട്ടം. ദേവസ്വം മന്ത്രിയായിരുന്നതിനാൽ  ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയെ രാഷ്ട്രീയവൽക്കരിച്ച് കടകംപള്ളിയെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നു  ബിജെപി. ശബരിമല അയ്യപ്പന്റെ പേരിലാണ്‌ ശോഭാ സുരേന്ദ്രൻ വോട്ടുതേടിയത്‌. പ്രധാനമന്ത്രി നരേന്ദ്രമോഡിപോലും കേരളത്തിലെത്തി അയ്യപ്പന്റെ പേരിൽ വോട്ടുചോദിച്ചു.
എൽഡിഎഫ് വിജയം അട്ടിമറിക്കാൻ പണവും ധാരാളം ഇറക്കി. മാധ്യമങ്ങൾപോലും ശോഭാ സുരേന്ദ്രന്റെ വിജയം പ്രവചിച്ചു. പക്ഷേ, വിശ്വാസികളും അവിശ്വാസികളുമായിട്ടല്ല, ജനാധിപത്യനിലപാടുകൾക്കൊപ്പമാണ് കഴക്കൂട്ടത്തെ ജനത നിലയുറച്ചത്. യുഡിഎഫും വിശ്വാസം പറഞ്ഞ്‌ മുതലെടുപ്പ്‌ നടത്തി. ഇരുമുന്നണികളും കടകംപള്ളി സുരേന്ദ്രനെ വ്യക്തിപരമായി ആക്രമിച്ചു. എന്നാൽ വികസനം, ക്ഷേമം, മത നിരപേക്ഷത എന്നിവ അടിസ്ഥാനമാക്കിയായിരുന്നു എൽഡിഎഫ്‌ പ്രചാരണം. ഇത്‌ മൂന്നാം വട്ടമാണ്‌ കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത്‌നിന്ന്‌ വിജയിക്കുന്നത്‌. 1996ലും 2016ലും വിജയിച്ചിരുന്നു.
Comments
Spread the News
Exit mobile version