യുവാക്കളെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് കേന്ദ്രം. മെയ് ഒന്നുമുതൽ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സംഭരിക്കാനാകില്ല എന്നാണ് പുറത്തുവരുന്ന വിവരം. യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്‌സിൻ എപ്പോൾ സംഭരിക്കാനാകുമെന്ന കാര്യമാണ് അനിശ്ചിതത്വത്തിലായത്.
പല സംസ്ഥാനവും വാക്‌സിൻ ഓർഡർ മുന്നോട്ടുവച്ചെങ്കിലും ഉത്പാദകരില്‍ നിന്നും അനുകൂല പ്രതികരണമില്ല. മെയ് 15 വരെ കേന്ദ്രത്തിനു നൽകാനുള്ള വാക്‌സിൻ മാത്രമേ വിതരണം ചെയ്യൂവെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജസ്ഥാൻ സർക്കാരിനെ അറിയിച്ചു. മെയ് ഒന്നുമുതല്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങൾക്ക് വാക്‌സിസിന്‍ സംഭരിക്കാനാകില്ലെന്ന് ഇതോടെ വ്യക്തമായി. കേരളം, പഞ്ചാബ്, രാജസ്ഥാൻ, ജാർഖണ്ഡ്, ചത്തീസ്‌ഗഢ് എന്നീ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഈ നയം സ്വീകരിക്കുന്നത്.
18നും 45നും ഇടയിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതായത് ചെറുപ്പക്കാര്‍ ഉയര്‍ന്ന വിലകൊടുത്ത് വാക്‌സിന്‍ സ്വീകരിക്കണമെന്നർഥം. മെയ് ഒന്നുമുതലുള്ള പുതിയ വാക്‌സിന്‍ നയത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിലായിരുന്നു ഇക്കാര്യം. 18 – 45 പ്രായക്കാർക്ക് സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിന്‍ നൽകണമെങ്കിൽ അതത് സംസ്ഥാന സർക്കാരുകൾ പ്രത്യേകമായി തീരുമാനമെടുക്കണം. 45 വയസ്സിനു മുകളിലുള്ളവർക്ക് സ്വകാര്യകേന്ദ്രങ്ങളിലും സർക്കാർ കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്വീകരിക്കുന്നത് തുടരാം.
18 – 45 പ്രായക്കാർ വാക്‌സിനേഷനായി എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് വിവരിച്ച് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ട്വീറ്റിലും സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമാകും കുത്തിവയ്‌പ് എന്ന് എടുത്തുപറയുന്നു. ഇതിന് പുറമേയാണ് കൂടുതൽ ആശങ്കയുയർത്തുന്ന വിവരങ്ങൾ പുറത്തുവരുന്നത്.