ചെങ്കോട്ടയായി ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തലസ്ഥാന ജില്ല. കോർപറേഷനിലും നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലും ഉജ്വല വിജയം സമ്മാനിച്ചാണ് തലസ്ഥാന ജനത എൽഡിഎഫിനൊപ്പം കരുത്തോടെ നിലയുറപ്പിച്ചത്. കേരള തലസ്ഥാനം പിടിച്ചെടുക്കുമെന്ന് രാജ്യമാകെ വീമ്പിളക്കിയ ബിജെപിക്കും ശക്തമായി തിരിച്ചുവരുമെന്ന് പ്രചരിപ്പിച്ച യുഡിഎഫിനും ജില്ലയിലെ ഫലം കനത്ത തിരിച്ചടിയായി.
തിരുവനന്തപുരം കോർപറേഷനിൽ കേവല ഭൂരിപക്ഷം നൽകിയാണ് എൽഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ചത്. 100 സീറ്റിൽ 52 ഉം എൽഡിഎഫ് നേടി.
പൂന്തുറയിൽ വിജയിച്ച സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ എൽഡിഎഫിന് 53 സീറ്റായി. കഴിഞ്ഞ തവണ 43 സീറ്റ് നേടിയ സ്ഥാനത്താണിത്. കഴിഞ്ഞ തവണ 21 സീറ്റ് നേടിയ യുഡിഎഫിന് 11 സീറ്റ് നഷ്ടമായി. ബിജെപിക്ക് ഒരു സീറ്റ് പോലും വർധിപ്പിക്കാനായില്ല.
ജില്ലാ പഞ്ചായത്ത് ഉജ്വല ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് നിലനിർത്തിയത്. 26ൽ 20 സീറ്റും എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ് ആറിലൊതുങ്ങി.
കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ ബിജെപിയിൽനിന്ന് വെങ്ങാനൂർ എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടറിയുമായ അഡ്വ. എസ് സുരേഷിനെ പരാജയപ്പെടുത്തി എൽഡിഎഫിലെ ഭഗത് റൂഫസ് ആണ് സീറ്റ് പിടിച്ചെടുത്തത്. ജില്ലയിലെ നാലു നഗരസഭകളും
എൽഡിഎഫ് നിലനിർത്തി. നെടുമങ്ങാട്ടും ആറ്റിങ്ങലിലും കേവല ഭൂരിപക്ഷം സ്വന്തമാക്കിയ എൽഡിഎഫ് നെയ്യാറ്റിൻകരയിലും വർക്കലയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 ഉം എൽഡിഎഫിനൊപ്പം നിന്നപ്പോൾ ഒരിടത്ത് ആർക്കും ഭൂരിപക്ഷമില്ല.
വെള്ളനാട് ഡിവിഷനിൽ എൽഡിഎഫും യുഡിഎഫും എട്ടു വീതം സീറ്റുകൾ നേടി. ആകെയുള്ള 155 ബ്ലോക്ക് ഡിവിഷനുകളിൽ 117 ഉം നേടിയാണ് എൽഡിഎഫ് തേരോട്ടം നടത്തിയത്. കഴിഞ്ഞ തവണ 90 സീറ്റ് നേടിയ സ്ഥാനത്താണിത്. കഴിഞ്ഞ തവണ 60 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ മുപ്പതിലൊതുങ്ങി. ബിജെപിക്ക് ആറു സീറ്റ് മാത്രമാണ് ലഭിച്ചത്.
73 പഞ്ചായത്തുകളിൽ 51 ഉം എൽഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ചു. 18 പഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിനൊപ്പം. ബിജെപിക്ക് ഒരു പഞ്ചായത്തിൽ മാത്രമാണ് കേവല ഭൂരിപക്ഷം നേടാനായത്. മൂന്നിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
Comments