തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ച ജനങ്ങളെ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അഭിവാദ്യം ചെയ്‌തു. ഒളിഞ്ഞും തെളിഞ്ഞും പരസ്‌പരം സഹായിച്ച കോൺഗ്രസിനെയും ബിജെപിയെയും മറ്റ് പ്രതിലോമശക്തികളെയും കൈയൊഴിഞ്ഞാണ് ജനങ്ങൾ എൽഡിഎഫിനൊപ്പം നിന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വലിയ വിജയമാണ് എൽഡിഎഫിന് ജനങ്ങൾ സമ്മാനിച്ചത്. മുന്നണിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയും സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളോടുള്ള കരുതലുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
തിരുവനന്തപുരം കോർപറേഷനിൽ ഉജ്വല വിജയമാണ് എൽഡിഎഫ് നേടിയത്. കേവല ഭൂരിപക്ഷത്തോടെയാണ് ജനം എൽഡിഎഫിനെ ഇക്കുറി അധികാരമേൽപ്പിച്ചത്. ജില്ലാ പഞ്ചായത്തിൽ 26ൽ 20 ഡിവിഷനുകളിലും എൽഡിഎഫ് വിജയിച്ചു. പതിനൊന്നിൽ പത്ത് ബോക്ക് പഞ്ചായത്തുകളും എൽഡിഎഫ് നേടി. ഒരു ബ്ലോക്കിൽ ആർക്കും ഭൂരിപക്ഷമില്ല. 73 പഞ്ചായത്തുകളിൽ 53 ഉം നേടാൻ എൽഡിഎഫിന് കഴിഞ്ഞു. ജില്ലയിൽ എൽഡിഎഫിന് സമാനതകളില്ലാത്ത വിജയം സമ്മാനിച്ച എല്ലാ ജനങ്ങളെയും അഹോരാത്രം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെട്ട പ്രവർത്തകരെയും അഭിവാദ്യം അറിയിക്കുന്നതായും ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
Comments