നാവായിക്കുളം കടമ്പാട്ടുകോണത്ത് എൽഡിഎഫ് ബൂത്ത് ഓഫീസ് ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു. രണ്ട് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ എൽഡിഎഫ് പ്രവർത്തകൻ വിശാഖിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിശാഖ് നേരത്തേ ബിജെപിയുടെ പ്രവർത്തകനായിരുന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബിജെപി പ്രവർത്തകനായ സന്തോഷ്, കടമ്പാട്ടുകോണം വാർഡിലെ ബിജെപി സ്ഥാനാർഥി ബാലകൃഷ്ണപിള്ള എന്നിവർ സന്തോഷിന്റെ ബൈക്കിലെത്തി എൽഡിഎഫ് ബൂത്ത് ഓഫീസിലിരുന്ന എൽഡിഎഫ് സ്ഥാനാർഥി ജോസ് പ്രകാശിനെ അസഭ്യം പറഞ്ഞു.
തുടർന്ന് ബാലകൃഷ്ണപിള്ളയെ വീട്ടിലാക്കിയതിന് ശേഷം തിരികെ ബൂത്ത് ഓഫീസ് വഴി വന്ന സന്തോഷും ഉടയൻകാവിലുണ്ടായിരുന്ന ബിജെപി പ്രവർത്തകരും ചേർന്ന് ബൂത്ത് ഓഫീസ് പൂർണമായും അടിച്ചുതകർക്കുകയായിരുന്നു.
എൽഡിഎഫ് പ്രവർത്തകരായ വിശാഖ്, വിനോദ് എന്നിവരെ ക്രൂരമായി മർദിക്കുകയും ചെയ്തു.
തുടർന്ന് ബിജെപിക്കാർ സംഭവം വർഗീയവൽക്കരിക്കുന്നതിന് ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഉടയവൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി അടിച്ചുതകർക്കുകയും ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ അവർ ആക്രമണം നടത്തി സിപിഐ എമ്മിന്റെ മേൽ കെട്ടിവയ്‌ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അക്രമികളെ ഉടൻ പിടികൂടണമെന്നും സിപിഐ എം നാവായിക്കുളം ലോക്കൽകമ്മിറ്റി അറിയിച്ചു.
Comments