Site icon Ananthapuri Express

കരിയര്‍ബ്രേക്ക് വന്ന സ്ത്രീകള്‍ക്ക്‌ പ്രത്യേക പദ്ധതി

കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക്‌ നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ ബാക്ക് ടു വർക്കിന്റെ ഭാഗമായി ആലോചനായോഗം ചേർന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ചേർന്ന യോഗത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല നോളജ് മിഷൻ പ്രവർത്തനങ്ങളും പദ്ധതി രൂപരേഖയും അവതരിപ്പിച്ചു. അസാപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ് ഐഎഎസ് ചർച്ചയിൽ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ വാർഡുകൾ അടിസ്ഥാനപ്പെടുത്തി തൊഴിലന്വേഷകരെ കണ്ടെത്തുന്നതിന്‌ ജൂലൈ ആദ്യവാരം പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടം ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവ ഉൾക്കൊള്ളുന്ന കോഴിക്കോട് സൗത്ത്, കുണ്ടറ, തൃക്കാക്കര, കഴക്കൂട്ടം, ചേർത്തല, ചാലക്കുടി എന്നീ നിയോജക മണ്ഡലങ്ങളിലാണ് നടപ്പാക്കുന്നത്. മണ്ഡലത്തിൽനിന്ന് 544 സ്ത്രീകളാണ് കരിയർ ബ്രേക്ക് വിഭാഗത്തിൽ നോളജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഡിഡബ്ല്യുഎംഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകും. പദ്ധതിയുടെ തുടർഘട്ടങ്ങളിൽ എല്ലാ കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കും നോളജ് മിഷൻ സേവനങ്ങൾ ലഭ്യമാക്കും. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കോർപറേഷൻ വാർഡ് കൗൺസിലർമാരും ഐടിഐ, ഐസിടി, സിഐഐ, ഇക്‌ഫോസ്, അസാപ്, പ്രതിധ്വനി എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പരിപാടിയിൽ കേരള നോളജ് ഇക്കോണമി മിഷൻ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ സാബു ബാല,നിധീഷ് ടി എന്നിവർ സംസാരിച്ചു.

Comments
Spread the News
Exit mobile version