Site icon Ananthapuri Express

ഒ ആർ കേളു പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി

മാനന്തവാടി എംഎല്‍എ ഒ ആർ കേളു പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര്‍ കേളുവിന് ചുമതല.

കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യം എം ബി രാജേഷും കൈകാര്യം ചെയ്യും. സിപിഐ എം സംസ്ഥാന സമിതിയിലാണ് തീരുമാനം.

രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ ഒ ആർ സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍ 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് ജനപ്രതിനിധി എന്ന നിലയിലുള്ള തുടക്കം.

സിപിഐ എം സംസ്ഥാന സമിതിയിലെ വയനാട് ജില്ലയിൽനിന്നുള്ള  ആദ്യ പട്ടികവർഗ നേതാവാണ്. ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റാണ്. സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്നുള്ള നിയമസഭാംഗമാണ്.

കുറിച്യ സമുദായക്കാരനായ ഇദ്ദേഹം പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗവുമാണ്.

2005ലും 2010ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എയായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ശാന്ത. മക്കള്‍: മിഥുന, ഭാവന.

Comments
Spread the News
Exit mobile version